ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

0
69

വയനാട് ബിജെപിയിൽ കൊഴിഞ്ഞുപോക്ക്. മുൻ ജില്ലാ പ്രസിഡന്റ് കെ പി മധു രാജി വച്ചു. പാർട്ടിക്കുള്ളിൽ ഏറെ നാളായി പുകയുന്ന തർക്കങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബിജെപി വേണമെന്ന് നിർബന്ധമില്ലല്ലോ എന്ന് മധു പറഞ്ഞു. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രറ്റി ആയതുകൊണ്ടാണെന്നും മധു വിമർശിച്ചു. അതേസമയം പാർട്ടിവിട്ട മധു കോൺഗ്രസ്സിലേക്ക് പോകുമെന്നാണ് സൂചന. എന്നാൽ ഇതിൽ വ്യക്തത വന്നിട്ടില്ല.

‘നമ്മളൊക്കെ ബിജെപിയിൽ ചേർന്നത് ഗ്രൂപ്പ് കളിക്കാനോ തമ്മിലടിക്കാനോ ഗുസ്തി കളിക്കാനോ വേണ്ടിയല്ല. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് വേണ്ടിയാണ്. ഗ്രൂപ്പുകളിയുടെ ഭാഗമാണ് പാലക്കാടുണ്ടായ വിഷയങ്ങൾ പോലും. പാലക്കാട്ടെ സ്ഥാനാർത്ഥികളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം, വയനാട്ടിലെ കാര്യം നിങ്ങൾ നോക്കിക്കോളൂ എന്ന് രണ്ട് ഗ്രൂപ്പിന് വീതം വെച്ച് കൊടുത്തു. അങ്ങനെ വീതം വെച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണ പ്രത്യാരോപണങ്ങളെല്ലാം’: കെപി മധു പറഞ്ഞു.

വന്യജീവി ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെപി മധു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പേരിൽ മധുവിനെ ജില്ലാ അധ്യക്ഷ പദവിയിൽ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രസ്താവന. സംസ്ഥാനത്ത് ക്രിസ്ത്യൻ പുരോഹിതർക്കിടയിൽ പാർട്ടി ഇടപെടൽ ശക്തമാക്കാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ ഈ പ്രസ്താവന അനുചിതമെന്ന വിലയിരുത്തലിലാണ് കെപി മധുവിന്റെ പുറത്താക്കൽ.

LEAVE A REPLY

Please enter your comment!
Please enter your name here