ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

0
72

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചത്. യു.എ.ഇ.യില്‍ ഓണ്‍ലൈന്‍ എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കുന്ന ബോട്ടിം ആപ്പില്‍ വിനിമയനിരക്ക് ഒരു ദിര്‍ഹത്തിന് 24 രൂപവരെയെത്തി. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അമേരിക്കന്‍ ഡോളറിനെതിരേ 84.27 എന്നനിലയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് കോളടിച്ചു. ഈ വിനിമയനിരക്ക് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചതോടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കോടികളാണെത്തിയത്. യു.എ.ഇ. ദിര്‍ഹം കൂടാതെ മറ്റ് ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. സൗദി റിയാല്‍ 22.45 രൂപ, ഖത്തര്‍ റിയാല്‍ 23.10 രൂപ, ഒമാന്‍ റിയാല്‍ 218.89 രൂപ, ബഹ്റൈന്‍ ദിനാര്‍ 223.55 രൂപ, കുവൈത്ത് ദിനാര്‍ 273.79 രൂപ എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ വിനിമയനിരക്ക്. ഇതില്‍ 10 മുതല്‍ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നല്‍കുന്നത്. രൂപ ഇനിയും ഇടിയാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. കഴിഞ്ഞ രണ്ടു മാസമായി രൂപയുടെ വിലയിടിവ് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here