പുതിയ ഐപിഎല്‍ സീസണ്‍, സഞ്ജുവിന്റെ പ്രതിഫലം എത്രയായിരിക്കും? രാജസ്ഥാന്‍ റോയല്‍സ് ആരൊക്കെ നിലനിര്‍ത്തും?

0
117

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി എത്ര കളിക്കാരെ നിലനിര്‍ത്താനാവുമെന്ന കാര്യത്തില്‍ ബിസിസിഐ ഇന്ന് തീരുമാനമെടുത്തിരുന്നു. അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒരു ആര്‍ടിഎം കാര്‍ഡും ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ആര്‍ടിഎം വഴി ഒരു താരത്തെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. ഒരു താരത്തെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അഞ്ച് താരങ്ങളെ ആര്‍ടിഎം വഴി ടീമില്‍ എത്തിക്കാന്‍ കഴിയുമെന്നതും ലേലത്തില്‍ വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്.

നിലനിര്‍ത്തുന്ന ആദ്യ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, ടീമുകളെ കൂടുതല്‍ സംശയത്തിലാഴ്ത്തി നിലനിര്‍ത്താന്‍ സാധിക്കുന്ന നാലാമത്തെയും അഞ്ചാമത്തെ താരത്തിനുള്ള തുകയില്‍ ബിസിസിഐ ട്വിസ്റ്റ് കൊണ്ട് വന്നിട്ടുണ്ട്. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടി, അഞ്ചാമത്തെ താരത്തിന് 14 കോടി എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മൂന്ന് താരങ്ങളെ മാത്രം നിലനിര്‍ത്തി കൊണ്ട് ആര്‍ടിഎം വഴി രണ്ട് താരങ്ങളെ ലേലത്തിലൂടെ എത്തിക്കാനാകും ടീമുകള്‍ പരിശ്രമിക്കുക.

ഇങ്ങനെ നോക്കുമ്പോള്‍ മലയാളിയും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് ലഭിക്കുന്ന തുക എത്രയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ രാജസ്ഥാന്‍ ഏതൊക്കെ താരത്തെ നിലനിര്‍ത്തുമെന്നുള്ള കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എങ്കിലും സഞ്ജു, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നീ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സഞ്ജു ക്യാപ്റ്റനായിക്കെ, ആദ്യം നിലനിര്‍ത്തുന്നത് അദ്ദേഹത്തെ തന്നെയാവുമെന്നുള്ള കാര്യത്തില്‍ സംശമൊന്നുമില്ല. അങ്ങനെങ്കില്‍ 18 കോടിയായിരിക്കും സഞ്ജുവിന്റെ പ്രതിഫലം.

രാജസ്ഥാന്‍ വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍, അതില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ തന്നെയാകും പ്രധാനി. കഴിഞ്ഞ സീസണില്‍ ഫോമിലായില്ലെങ്കിലും തന്റേതായ ദിവസങ്ങളില്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ബട്ലര്‍ക്ക് കഴിയുമെന്നതാണ് ഇംഗ്ലണ്ട് നായകനെ കൈവിടാതിരിക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിക്കുന്നത്. ഒരു വിദേശതാരത്ത കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് ട്രെന്റ് ബോള്‍ട്ടായിരിക്കുമെന്നാണ് കരുതുന്നത്. ന്യൂസിലന്‍ഡ് താരം കഴിഞ്ഞ സീസണില്‍ പവര്‍ പ്ലേകളില്‍ നടത്തിയ പ്രകടനം രാജസ്ഥാന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here