കർണാടകയിൽ ഭരണം പിടിക്കാൻ ‘ഓപ്പറേഷൻ കമലയുമായി’ ബി.ജെ.പി; രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ

0
106

ഹുബ്ബള്ളി: ‘ഓപ്പറേഷൻ കമല’യിലൂടെ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 100 കോടി രൂപ വാഗ്ദാനം ചെയ്ത് കോൺഗ്രസ് എം.എൽ.എമാരെ കൈയിലെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. എന്നാൽ സാമ്പത്തിക പ്രലോഭനത്തിൽ കോൺഗ്രസ് എം.എൽ.എമാർ വീഴില്ലെന്നും സർക്കാരിനെ തകർക്കാനു​ള്ള ​ശ്രമം നടക്കില്ലെന്നും ബി.ജെ.പി ഓർക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. വെള്ളിയാഴ്ച ഹുബ്ബള്ളി വിമാനത്താവളത്തിൽ വെച്ചാണ് സിദ്ധരാമയ്യ ഓപ്പറേഷൻ കമലയെ പറ്റി സംസാരിച്ചത്.

‘ഓപ്പറേഷൻ കമലയിലൂടെ ഞങ്ങളുടെ സർക്കാരിനെ വീഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്, എന്നാൽ കോൺഗ്രസ് എം.എൽ.എമാർ ആ പണത്തിൽ വീഴില്ല,ഞങ്ങളുടെ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

നൂറ് കോടിരൂപ വാഗ്ദാനം ചെയ്ത് കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചതായി മാണ്ഡ്യയിലെ കോൺഗ്രസ് എം.എൽ.എ രവികുമാർ ഗൗഡ (രവി ഗനിഗ) കഴിഞ്ഞ ഞായറാഴ്ച ആരോപിച്ചിരുന്നു. ആദ്യം 50 കോടി വാഗ്ദാനം ചെയ്ത ബി.ജെ.പി ഇ​പ്പോഴത് നൂറ് കോടിയാക്കി ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി ഓപ്പറേഷൻ കമലയുമായി വീണ്ടും രംഗത്തെത്തിയതെന്ന് സിദ്ധരാമയ്യ വെളിപ്പെടുത്തിയത്.

ബി.ജെ.പി നേതാക്കൾ അവരുടെ പഴയ തന്ത്രങ്ങൾ ആവർത്തിക്കുകയാണ്, ജനവിധിയിലൂടെ കർണാടകയിൽ ബി.ജെ.പിക്ക് ഒരിക്കലും അധികാരത്തിൽ വരാനാകില്ല. 2008 ലും 2019 ലും അവർ പിൻവാതിലിലുടെ അധികാരത്തിലെത്താൻ ‘ഓപ്പറേഷൻ കമല’ പ്രയോഗിച്ചു. എന്നാൽ ഇത്തവണ 136 കോൺഗ്രസ് എം.എൽ.എമാരുള്ളതിനാൽ അവരുടെ ശ്രമം പരാജയപ്പെടും. അതുകൊണ്ട് ഓപ്പറേഷൻ കമല ഇക്കുറി അവർക്ക് എളുപ്പമായിരിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബി.ജെ.പി.യുടെയും ജെ.ഡി(എസിൻ്റെയും) നേതൃത്വം സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. അവർ തന്നെ പ്രത്യേകമായി ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. മുഡ കേസിലെ ആരോപണങ്ങളുടെ പേരിൽ രാജി ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് സിദ്ധരാമയ്യ ഉന്നയിച്ചത്. ‘വിജയേന്ദ്ര ആവശ്യപ്പെട്ടതുകൊണ്ട് മാത്രം ഞാൻ രാജിവെക്കണോ? എങ്കിൽ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ഞാൻ വിജയേന്ദ്രയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി കുമാരസ്വാമി, ശശികല ജോലെ, ജനാർദന റെഡ്ഡി, മുരുഗേഷ് നിരാനി എന്നിവർ ഉൾപ്പെട്ട കേസുകളിൽ പ്രോസിക്യൂഷൻ അനുമതിക്കായി കോൺഗ്രസ് മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും എം.പിമാരും ഇന്ന് ഗവർണറെ കാണുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ‘ഈ കേസുകളിൽ, അന്വേഷണങ്ങൾ പൂർത്തിയായി. കുറ്റപത്രങ്ങൾ തയ്യാറാണ്. പ്രോസിക്യൂഷൻ അനുമതി മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ എനിക്കെതിരെ ഉയർന്ന പരാതിയിൽ പ്രാഥമികാന്വേഷണം പോലുമുണ്ടായിട്ടില്ല, റിപ്പോർട്ടും ഉണ്ടായിട്ടില്ലെന്ന് ഓർക്കണമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here