ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും പെണ്‍സുഹൃത്തിനും നേരെ ആക്രമണം; ആഭരണവും പണവും കവർന്നു

0
61

കാസര്‍കോട്: ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും പെണ്‍സുഹൃത്തിനും നേരെ അതിക്രമം. ഇരുവരേയും ആക്രമിച്ച് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു. സംഭവത്തില്‍ മൂന്ന് പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബേക്കല്‍ കോട്ട കാണാന്‍ കാറിലെത്തിയ കാറഡുക്ക സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനും നേരെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ നാലംഗ സംഘം യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി. പിന്നാലെ കാറില്‍ നിന്ന് വലിച്ചിറക്കി യുവാവിന്‍റെ കൈയിലെ സ്വര്‍ണ്ണ ബ്രേസ്‍ലറ്റ് ഊരി വാങ്ങി. യുവതിയുടെ ബാഗിലുണ്ടായിരുന്ന 5000 രൂപയും കവര്‍ന്നു.

സംഭവത്തില്‍ പള്ളിക്കര സ്വദേശി 25 വയസുകാരന്‍ അബ്ദുല്‍ വാഹിദ്, ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി 26 വയസുകാരന്‍ അഹമ്മദ് കബീര്‍, മൊവ്വല‍് കോളനിയിലെ 26 വയസുകാരന്‍ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സാദിഖ് എന്നയാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിലെ ഒരാളുടെ ബൈക്ക് നമ്പര്‍ കവര്‍ച്ചക്കിരയായ യുവാവ്, പൊലീസിനെ റിയിക്കുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. ഇതേ സംഘം നേരത്തേയും ബേക്കല്‍ കോട്ട കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പിടിച്ചുപറി നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പരാതി നല്‍കാന‍് തയ്യാറാകാത്തതിനാല്‍ കേസെടുത്തിരുന്നില്ല. പ്രതികളെ ബേക്കല്‍ കോട്ടയില്‍ എത്തിച്ച് തെളിവെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here