ഹജ്ജ്​ തീർഥാടകർ തിരിച്ചറിയൽ കാർഡ് ആയ ‘നുസ്​ക്​’ ​കയ്യിൽ കരുതണമെന്ന് മന്ത്രാലയം

0
72

റിയാദ്: ഹജ്ജ്​ തീർഥാടകർ ‘നുസ്​ക്​’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത്​ നൽകുന്നുണ്ട്​. തീർഥാടകർ എല്ലാ യാത്രയിലും കാർഡ് കൈവശം വെക്കുകയും ആവശ്യമാകുമ്പോൾ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു.

നിയമാനുസൃത തീർഥാടകരെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കാനുള്ള ഔദ്യോഗികവും അംഗീകൃതവുമായ തിരിച്ചറിയൽ കാർഡാണിതെന്നും മന്ത്രാലയം സുചിപ്പിച്ചു. സ്വകാര്യ വിവരങ്ങൾ, ഐഡൻറിറ്റി നമ്പർ അല്ലെങ്കിൽ ഏകീകൃത റഫറൻസ് നമ്പർ, ആരോഗ്യ വിവരങ്ങൾ, മക്ക, മദീന എന്നിവിടങ്ങളിൽ താമസിക്കുന്ന സ്ഥലം, പുണ്യസ്ഥലങ്ങളിൽ സേവനം നൽകുന്ന കമ്പനികളുടെ പേരുകൾ, അവരുമായി ആശയവിനിമയത്തിനുള്ള മാർഗങ്ങൾ, ഗ്രൂപ്പ് ലീഡറെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഡിജിറ്റൽ കാർഡ്. തീർഥാടകർക്ക് കാര്യക്ഷമമായും വേഗത്തിലും സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. ഹജ്ജ്​ നിർവഹിക്കുന്ന സമയത്തുടനീളം പുണ്യസ്ഥലങ്ങളിൽ നിന്ന് പുറത്തുകടക്കുക, പ്രവേശിക്കുക, യാത്ര ചെയ്യുക എന്നിവക്ക്​ കാർഡ്​ നിർബന്ധമാണ്. വഴിതെറ്റുമ്പോൾ തീർഥാടകനെ എളുപ്പത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാനും ആവശ്യമായ മെഡിക്കൽ സേവനം ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.

ഹജ്ജ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും ഇതിൽ അടങ്ങിയിരിക്കുന്നു. തവക്കൽന, നുസ്​ക്​ ആപ്ലിക്കേഷനുകളിൽ കാർഡിന്റെ ഇലക്ട്രോണിക് പകർപ്പും​ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്​.​ ഇതിലൂടെ കാർഡ് നഷ്‌ടപ്പെടുമ്പോഴും പരി​ശോധന വേളയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക്​ മുമ്പാകെ ഡിജിറ്റൽ പതിപ്പ് എളുപ്പത്തിൽ കാണിക്കാനും തീർഥാടകർക്ക്​ സാധിക്കും. അന്താരാഷ്‌ട്ര തീർഥാടകർക്ക് വിസ ഇഷ്യു ചെയ്തതിന് ശേഷം ഹജ്ജ് ഓഫീസുകളിൽ നിന്നും ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നേടിയ ശേഷം സേവന ദാതാക്കളിൽ നിന്നും കാർഡ് ലഭിക്കുമെന്നും ഹജ്ജ്,​ ഉംറ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here