ഉഡുപ്പിയില്‍ കാറുകള്‍ കൊണ്ടിടി, പിന്നാലെ അടി, കാറിടിപ്പിച്ച് വീഴ്ത്തി; നടുറോഡിൽ ‘ഗ്യാങ് വാർ’ | Video

0
214

മംഗളൂരു: നടുറോഡില്‍ സിനിമാസ്‌റ്റൈല്‍ ഏറ്റുമുട്ടല്‍. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരുസംഘങ്ങള്‍ പോരടിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രണ്ട് കാറുകളിലായെത്തിയ സംഘങ്ങളാണ് പരസ്പരം പോര്‍വിളി നടത്തി നടുറോഡില്‍ ഏറ്റുമുട്ടിയത്. മേയ് 18-ന് അര്‍ധരാത്രി ഉഡുപ്പി-മണിപ്പാല്‍ റോഡില്‍ കുഞ്ചിബേട്ടുവിന് സമീപമായിരുന്നു സംഭവം.

ഇരുസംഘങ്ങളിലുമായി ആറുപേരെയാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഒരുസംഘം തങ്ങളുടെ കാര്‍ ഉപയോഗിച്ച് എതിരാളികളുടെ കാറിലിടിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. കാര്‍ റിവേഴ്‌സെടുത്ത് വന്നാണ് എതിര്‍സംഘത്തിന്റെ കാറിലിടിപ്പിച്ചത്. പിന്നാലെ ആദ്യം രണ്ടുപേരും തുടര്‍ന്ന് മറ്റുനാലുപേരും കാറുകളില്‍നിന്നിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഒരാളെ കാറിടിപ്പിച്ച് വീഴ്ത്തുന്നതും ഇയാളെ വീണ്ടും ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സാമ്പത്തിക തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ബാക്കി നാലുപേര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here