റിയാസ് മൗലവി വധം; ‘ഒത്തുകളി നടന്നെന്ന് സംശയം’, പൊലീസിനും പ്രോസിക്യൂഷനുമെതിരെ സമസ്ത മുഖപത്രം

0
194

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. കോടതി ചൂണ്ടികാട്ടിയ വീഴ്ചകൾ ഉണ്ടെങ്കിൽ ഒത്തുകളിയോ മധ്യസ്ഥതമോ നടന്നെന്ന് സംശയിക്കാമെന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലെ വിമര്‍ശനം. ഡിഎൻഎ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികൾ കുറ്റവിമുക്തർ ആയെങ്കിൽ ആരെയാണ് സംശയിക്കേണ്ടത്. ആര്‍എസ്എസ് പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ പ്രോസിക്യൂഷൻ തുടർച്ചയായി പരാജയപ്പെടുന്നത് അതിശയകരവും സംശയകരവുമാണ്.

സംഭവത്തില്‍ കോടതിക്കാണോ പ്രോസിക്യൂഷനാണോ വീഴ്ച സംഭവിച്ചതെന്ന ചോദ്യവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. ജനാധിപത്യത്തിന്‍റെ കരുത്തും ജൂഡീഷ്യറിയുടെ വിശ്വാസ്യതയും ഇല്ലായ്മ ചെയ്യുന്നതാണ് ഈയിടെ നടക്കുന്ന ചില വിധിപറച്ചിലുകൾ. പൊലീസ്, നീതി നിർവഹണ സംവിധാനങ്ങളെ കണ്ണടച്ചു വിശ്വസിക്കേണ്ട എന്നാണ് മൗലവി കേസ് വിധി നമ്മോടു പറയുന്നതെന്നുമാണ് സമസ്ത മുഖപത്രത്തില്‍ പറയുന്നത്. പൊലീസിനെയും പ്രോസിക്യൂഷനെയും പ്രതിക്കൂട്ടിലാക്കിയാണ് മുഖപ്രസംഗം. വീഴ്ച കോടതിക്കോ പ്രോസിക്യൂഷനോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

LEAVE A REPLY

Please enter your comment!
Please enter your name here