‘ഗൂഢാലോചന അന്വേഷിച്ചില്ല, യുഎപിഎ ചുമത്തിയില്ല’; റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമെതിരെ കുടുംബം

0
79

കാസര്‍കോട്: പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമെതിരെ റിയാസ് മൗലവിയുടെ കുടുംബം. കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിച്ചിരുന്നെങ്കിലും അന്വേഷണ സംഘം അത് പരിഗണിച്ചില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ മീഡിയവണിനോട് പറഞ്ഞു.

കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് കർണാടകയിലെ ബി.ജെ.പി നേതാവ് നളീൻ കുമാർ കട്ടീൽ കാസർകോട് വിദ്വേഷപ്രസംഗം നടത്തിയിരിന്നു. ഇതിനെ കുറിച്ചും അന്വേഷിച്ചില്ല. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്ന് അബ്ദുറഹിമാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെവിട്ടത്. അന്വേഷണത്തിന്റെ തുടക്കം മുതലുണ്ടായ വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ. ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളുടെ മുസ്‌ലിം വിരോധം മൂലം റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാൽ ഇത് തെളിയിക്കാനാവശ്യമായ വസ്തുതകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് വിധിന്യായത്തിൽ പറയുന്നത്.

കേസിൽ ഗൂഢാലോചനയില്ലെന്ന നിലപാടാണ് പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. തൊണ്ടിമുതലുകളായ കത്തി, മുണ്ട്, ഷർട്ട് എന്നിവയെ പ്രതിയുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞില്ലെന്നുമുള്ള കണ്ടെത്തലുകളും വിരൽചൂണ്ടുന്നത് അന്വേഷണത്തിലെ വീഴ്ചയിലേക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here