രാജ്യത്ത് റോട്ട്‌വീലര്‍, പിറ്റ്ബുൾ അടക്കം 23 ഇനം നായ്ക്കളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

0
97

അപകടകാരികളായ നായ ഇനങ്ങളുടെ ഇറക്കുമതിയും ബ്രീഡിങ്ങും വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. അപകടകാരികളായ നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മനുഷ്യജീവന് അപകടകരമാകുണ്ണ ഇനങ്ങളുടെ പട്ടിക കേന്ദ്രം തയാറാക്കിയിട്ടുണ്ട്. ഈ ഇനങ്ങളുടെ മിശ്രിതവും സങ്കരയിനങ്ങളും നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിരോധിക്കപ്പെട്ട ഇനങ്ങള്‍

പിറ്റ്ബുള്‍ ടെറിയര്‍, റോട്ട് വീലര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലീറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്‌ബോല്‍, കങ്കല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോര്‍ജനാക്, ജാപ്പനീസ് ടോസയും അകിതയും, മാസ്റ്റിഫുകള്‍, ടെറിയറുകള്‍, റോഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് നായ്ക്കള്‍, കനാരിയോ, അക്ബാഷ്, മോസ്‌കോ ഗാര്‍ഡ്, ചൂരല്‍ കോര്‍സോ, ബാന്‌ഡോഗ്.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് മറുപടിയായി വിദഗ്ധരുടെയും മൃഗസംരക്ഷണ സംഘടനകളുടെയും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് കേന്ദ്ര തീരുമാനം. കൂടാതെ, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (നായ ബ്രീഡിങ്ങും വിപണനവും) ചട്ടങ്ങള്‍ 2017, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (പെറ്റ് ഷോപ്പ്) ചട്ടങ്ങള്‍ 2018 എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങളും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡുകളും നടപ്പാക്കുന്നത് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യരുടെയും മൃഗങ്ങളുടെയും ക്ഷേമം ഒരുപോലെ ഉറപ്പാക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പായാണ് കേന്ദ്രം ഇതിനെ കാണുന്നത്. നിരോധിക്കപ്പെട്ട ഈ ഇനങ്ങളുടെ ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here