റിയാസ് മൗലവി വധക്കേസ് വിധി: ‘സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, വിദ്വേഷപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി’

0
133

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്വേഷ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ടായിരുന്നു കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.

2017 മാര്‍ച്ച് 20നാണ് കുടക് സ്വദേശിയായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയില്‍ മദ്രസാ അധ്യാപകനായ റിയാസ് മൗലവി തൊട്ടടുത്തുള്ള പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. ഈ പള്ളിയില്‍ അതിക്രമിച്ച് കയറിയാണ് മൂന്നംഗ സംഘം കൃത്യം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ദിവസങ്ങളോളം പ്രദേശത്ത് നിരോധനാജ്ഞയായിരുന്നു. മൂന്ന് ദിവസത്തിനകം കുറ്റവാളികളെ പിടികൂടി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കേസിന്റെ ഗൗരവം കൂട്ടി. കൊല നടന്ന് 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പ്രതികള്‍ക്കെതിരെയുള്ള ശാസ്ത്രീയമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ രക്തസാമ്പിള്‍ അടക്കം ഇവിടെ നിന്ന് കിട്ടിയിരുന്നു. ഡിഎന്‍എ പരിശോധനയിലും ഇക്കാര്യം വ്യക്തമായി. കേസില്‍ പഴുതടച്ച അന്വേഷണം നടന്നു. പ്രോസിക്യൂഷന് പിഴവ് പറ്റിയതായി സൂചനയും ലഭിച്ചിരുന്നില്ല.

റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് തന്നെയാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. വിധി കേട്ട ഉടന്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചത്. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ നീതി ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. വിധി നിരാശയുണ്ടാക്കുന്നതാണ് എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു പറഞ്ഞത്. വേദനിപ്പിക്കുന്ന വിധിയെന്ന് ആക്ഷന്‍ കമ്മിറ്റിയും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here