കരാറില്ലാത്ത ഇഷാൻ കിഷനും ശ്രേയസിനും നഷ്ടമാകുന്നത് കോടികൾ മാത്രമല്ല; ഈ സൗകര്യങ്ങളും ഇനി ഉപയോഗിക്കാനാവില്ല

0
154

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായതോടെ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ലഭിച്ചിരുന്ന വാര്‍ഷിക പ്രതിഫലത്തിന് പുറമെ മറ്റ് ചില സൗകര്യങ്ങള്‍ കൂടി നഷ്ടമാവും. ശ്രേയസിന് ബിസിസിഐയുടെ ബി ഗ്രേഡ് കരാറും ഇഷാന്‍ കിഷന് സി ഗ്രേഡ് കരാറുമായിരുന്നു നിലവിലുണ്ടായിരുന്നത്. ബി ഗ്രേഡിലുള്ളവര്‍ക്ക് ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും വാര്‍ഷിക പ്രതിഫലമായി മൂന്ന് കോടി രൂപയും സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് ബിസിസഐ നല്‍കുന്നത്. കരാര്‍ നഷ്ടമായതോടെ ഈ തുക മാത്രമല്ല ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും നഷ്ടമാകുന്നത്.

ബിസിസിഐയുടെ വാര്‍ഷിക കരാറുള്ള താരങ്ങള്‍ക്ക് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സൗകര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ അനുമതിയുണ്ട്,  അവിടുത്തെ ഗ്രൗണ്ട്, പരിശീല സൗകര്യങ്ങള്‍, കോച്ചുമാരുടെ സേവനം എന്നിവയെല്ലാം ഏത് ഘട്ടത്തിലും ഉപയോഗിക്കാം. എന്നാല്‍ കരാറില്‍ നിന്ന് പുറത്തായതോടെ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം അവരുടെ സംസ്ഥാന അസോസിയേഷനുകളുമായി ബന്ധപ്പെട്ട് അനുമതി തേടേണ്ടിവരും.

ഇതിന് പുറമെ വാര്‍ഷി കരാറുള്ള കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ ചികിത്സക്കായുള്ള ചെലവ് വഹിക്കുന്നതും അവരെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിച്ച് കായികക്ഷമത വീണ്ടെടുക്കാനുള്ള സൗകര്യങ്ങളൊരുക്കുന്നതും ബിസിസിഐ ആണ്. എന്നാല്‍ കരാറില്‍ നിന്ന് പുറത്തായതോടെ ഐപിഎല്ലില്‍ കളിക്കാത്ത സമയത്ത് കളിക്കാര്‍ക്കുണ്ടാകുന്ന പരിക്കുകള്‍ക്ക് അവര്‍ സ്വന്തം നിലക്ക് ചികിത്സ കണ്ടെത്തേണ്ടിവരും. അവരുടെ ചികിത്സാചെലവും സ്വയം കണ്ടെത്തണം.

കഴിഞ്ഞ ആഴ്ചയാണ് കളിക്കാരുടെ വാര്‍ഷി കരാറുകള്‍ ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നിന്ന സമയത്ത് ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടും തയാറാവത്തതിനെത്തുടര്‍ന്നാണ് കിഷനെയും ശ്രേയസിനെയും വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here