ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം മതിയാക്കുന്നു. ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഗംഭീര്‍ ട്വീറ്റ് ചെയ്‌തു. ജനങ്ങളെ സേവിക്കാന്‍ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് നന്ദി പറയുന്നതായും ഗംഭീറിന്‍റെ ട്വീറ്റിലുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി ഉടന്‍ പ്രഖ്യാപിക്കാനിരിക്കേയാണ് അപ്രതീക്ഷിതമായി ഗൗതം ഗംഭീറിന്‍റെ പ്രഖ്യാപനം.
പൊതുതെരഞ്ഞെടുപ്പ് 2024ന്‍റെ തിയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് എന്തുകൊണ്ടാണ് ഗൗതം ഗംഭീര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ ഗംഭീറിന് വീണ്ടും മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കില്ല എന്ന അഭ്യൂഹം ശക്തമായിരുന്നു. 2019 മുതല്‍ ദില്ലിയില്‍ ബിജെപിയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു ഗംഭീര്‍.
I have requested Hon’ble Party President @JPNadda ji to relieve me of my political duties so that I can focus on my upcoming cricket commitments. I sincerely thank Hon’ble PM @narendramodi ji and Hon’ble HM @AmitShah ji for giving me the opportunity to serve the people. Jai Hind!
— Gautam Gambhir (@GautamGambhir) March 2, 2024
2019 മാര്‍ച്ച് 22നാണ് അന്നത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്‌റ്റ്‌ലി, രവി ശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗംഭീര്‍ 695,109 വോട്ടുകളുമായി ലോക്‌സഭയിലെത്തി. രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരവിന്ദര്‍ സിംഗ് ലവ്‌ലിയെക്കാള്‍ 391,224 വോട്ടുകളുടെ ഭൂരിപക്ഷം ഗംഭീര്‍ നേടി. എഎപിയുടെ അതിഷി മര്‍ലേനയായിരുന്നു മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. 2003 മുതല്‍ 2016 വരെ ടീം ഇന്ത്യയുടെ ഓപ്പണറായിരുന്നു ഗൗതം ഗംഭീര്‍.