തിഹാർ ജയിലിലേക്ക് സ്വാഗതം: കെജ്രിവാളിനെ ക്ഷണിച്ച് തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖർ

0
106

ന്യൂഡല്‍ഹി: ഇ.ഡി. അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം ചെയ്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ കത്ത്. ഇരുന്നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറാണ് കെജ്‌രിവാളിനെ ജയിലിലേക്ക് സ്വാഗതം ചെയ്ത് കത്തെഴുത്തിയിരിക്കുന്നത്.

സത്യം ജയിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം ചെയ്യുകയാണെന്നുമാണ് സുകേഷിന്റെ കത്തിലുള്ളത്. കെജ്‌രിവാളിനെതിരേ താന്‍ മാപ്പുസാക്ഷിയാകുമെന്നും കത്തില്‍ പറയുന്നു.

‘അദ്ദേഹത്തെ ഞാന്‍ തുറന്നുകാട്ടും. ഞാന്‍ മാപ്പുസാക്ഷിയാകും. എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്’- സുകേഷ് കത്തില്‍ പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസില്‍ ബി.ആര്‍.എസ്. നേതാവ് കെ. കവിത അറസ്റ്റിലായപ്പോഴും സുകേഷ് സമാനമായ കത്തെഴുതിയിരുന്നു. കള്ളക്കേസാണെന്നുള്ള ആരോപണങ്ങള്‍ തകര്‍ന്നുവീണെന്നും സത്യം ജയിച്ചെന്നുമാണ് അന്ന് സുകേഷ് എഴുതിയിരുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരേയും ആംആദ്മി പാര്‍ട്ടിക്കെതിരേയും സുകേഷ് നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ജയിലിലായ ആംആദ്മി മന്ത്രി സത്യേന്ദര്‍ ജെയിന് താന്‍ 10 കോടി രൂപ നല്‍കിയെന്നും ആംആദ്മി പാര്‍ട്ടിക്ക് 60 കോടി രൂപ കൈമാറിയെന്നുമായിരുന്നു സുകേഷിന്റെ ആരോപണം. എന്നാല്‍, സുകേഷിന്റെ ജയിലില്‍നിന്നുള്ള കത്തുകളും ആരോപണങ്ങളും അരവിന്ദ് കെജ്‌രിവാള്‍ നിഷേധിക്കുകയാണുണ്ടായത്. ബി.ജെ.പി.യുടെ നിര്‍ദേശമനുസരിച്ചാണ് സുകേഷ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കെജ്‌രിവാളിന്റെ അന്നത്തെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here