അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

0
195

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്‍റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്‍റ് എംഎല്‍എ ഫേയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേ അധ്യാപിക സന്ധ്യാ റാണിക്കും അർഹമായ നഷ്ട പരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പനി അറിയിച്ചിട്ടുണ്ട്. സന്ധ്യാ റാണിക്ക് എത്ര രൂപ നൽകണം എന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. നേരത്തെ കളക്ടർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധനസഹായം നൽകുന്നതിൽ തീരുമാനമായിരുന്നില്ല. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് സഹായധനം പ്രഖ്യാപിച്ചത്. തുക സ്വീകരിക്കുന്നതിൽ അനന്തുവിന്‍റെ കുടുംബം നിലപാട് അറിയിച്ചിട്ടില്ല.

 

എം വിന്‍സെന്‍റ് എംഎല്‍എയുടെ ഫേയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി തുറമുഖ കമ്പനിക്ക് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി കമ്പനി പ്രതിനിധികൾ മരണപ്പെട്ട അനന്തുവിന്റെ വീട്ടിലെത്തി അറിയിച്ചു.

കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈ ആവശ്യം ഉൾപ്പടെ ഞങ്ങൾ ഉന്നയിച്ചിരുന്നു.ഈ സഹായം കൊണ്ട് അനന്തുവിന്‍റെ ജീവന് പകരമാകില്ലെങ്കിലും വിദ്യാഭ്യാസ വായ്പകൾ ഉൾപ്പടെ കടുത്ത സാമ്പത്തിക ബാധ്യതകൾ നിലവിലുള്ള ആ കുടുംബത്തിന് ഒരു ആശ്വാസം പകരുമെന്ന് വിശ്വസിക്കാം. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേറ്റ അധ്യാപിക സന്ധ്യാ റാണിക്കും അർഹമായ നഷ്ട പരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പനി അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സാധനസാമഗ്രികൾ എത്തിക്കുന്ന വാഹന ഗതാഗതത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നിബന്ധനകൾ ഇന്ന് ജില്ലാ കളക്ടർ പുറത്തിറക്കി. ആയത് ക്യത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ അധികാരികളും പൊലീസും ഗതാഗത വകുപ്പും തയ്യാറായാൽ ഇനിയെങ്കിലും ഇതുപോലുള്ള അപകടങ്ങൾ ഒഴിവാക്കപ്പെടാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here