കാറ് കഴുകലും ചെടി നനയ്ക്കലും ഇനി പിടിക്കും, 5000 പിഴ നൽകേണ്ടി വരും; രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ കര്‍ണാടക

0
69

ബെംഗളൂരു: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിയിരിക്കുകയാണ് കര്‍ണാടക. കാറ് കഴുകൽ, പൂന്തോട്ട പരിപാലനം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴ ചുമത്താനാണ് ജല വകുപ്പിന്‍റെ തീരുമാനം. ജല വിതരണത്തിനായുള്ള ടാങ്കറുടെ വില നിശ്ചയിച്ചതിന് പിന്നാലെയാണ് മറ്റൊരു നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

കര്‍ണാടകയില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. ഏകദേശം മുവ്വായിരത്തോളം കുഴല്‍ കിണറുകളാണ് വറ്റി വരണ്ടു പോയത്. മഴ ലഭ്യത കുറവായതും കുടി വെള്ളക്ഷാമത്തിന് കാരണമായി. വെള്ളം ഉപയോഗിക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങളാണ് അപ്പാര്‍ട്ട്മെന്‍റുകളും സ്ഥാപനങ്ങളും കൊണ്ടുവന്നിട്ടുള്ളത്. 

ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തിൽ പ്രതികരണവുമായി നേരത്തെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്തെത്തിയിരുന്നു. എന്തുവില കൊടുത്തും ബെംഗളൂരുവിലേക്ക് മതിയായ ജലവിതരണം സർക്കാർ ഉറപ്പാക്കുമെന്നാണ് ഡികെ ശിവകുമാർ പറഞ്ഞത്. ബെംഗളൂരുവിലെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ടെന്നും തൻ്റെ വീട്ടിലെ കുഴൽക്കിണർ പോലും വറ്റിവരണ്ടെന്നും ഡികെ ശിവകുമാർ പറ‍ഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഡികെയുടെ പരാമർശം ഉണ്ടായത്. 

മഴയില്ലാത്തതിനാൽ കുഴൽക്കിണറുകൾ വറ്റിയതോടെ ബെംഗളൂരു കടുത്ത വെള്ളക്ഷാമം നേരിടുകയാണ്. വെള്ളം  ഉപയോഗിക്കുന്നതിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് റസിഡൻഷ്യൽ സൊസൈറ്റികൾ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ബെംഗളൂരുവിലെ ജലക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ ഡികെ ശിവകുമാർ വിമർശിച്ചു. വെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുന്ന ജല പദ്ധതി കേന്ദ്രം സ്തംഭിപ്പിക്കുകയാണെന്നും ഡികെ പറ‍ഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here