ലോകം ഇസ്ലാമിലേക്ക് തിരികെ നടക്കുന്നു: സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

0
55

റിയാദ്: പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇസ്ലാം മുന്നോട്ട് വെച്ച ആശയങ്ങളും നിലപാടുകളുമാണ് സ്ത്രീസ്വാതന്ത്യമെന്ന പേരില്‍ ലോകം മുന്നോട്ട് വെക്കുന്നതെന്ന് സയ്യിദ് ഇബ്രാറഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേരള മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍.

യൂണിറ്റ് ഭാരവാഹികള്‍ മുതല്‍ സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ വരെയുള്ള ഐ സി എഫ് പ്രതിനിധികള്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സോണല്‍ – സെന്‍ട്രല്‍ ഭാരവാഹികള്‍ കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടെഷന്‍ (കെ സി എഫ്) പ്രതിനിധികള്‍, സ്ഥാപക കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തോടെയാണ് സമാപന സംഗമത്തിന് തുടക്കം കുറിച്ചത്. ഐസിഎഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി അബ്ദുല്‍ നിസാര്‍ കാമില്‍ സഖാഫി (ഒമാന്‍) മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രവാസത്തിന്റെ വിവിധ ഭാവങ്ങള്‍ വിശകലനം ചെയ്ത് മൂന്ന് വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടന്നു. സിറാജ് ദിനപത്രം ന്യൂസ് എഡിറ്റര്‍ മുസ്തഫ പി അറയ്ക്കല്‍ ‘പ്രവാസം അതിരുകള്‍ അടയാളങ്ങള്‍’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ ‘ഗള്‍ഫ് പ്രവാസത്തിന്റെ അറുപതാണ്ട്’ എന്ന വിഷയവും എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് ഡോ.കെ.ആര്‍ ജയചന്ദ്രന്‍ ‘പ്രവാസത്തിന്റെ മനശാസ്ത്രം’ എന്ന വിഷയവും അവതരിപ്പിച്ചു. ഐസിഎഫ് നാഷണല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു.

വൈകീട്ട് 7 മണിക്ക് ആരംഭിച്ച സമാപന പൊതുസമ്മേളനം നാട്ടിലെ സമ്മേളന ഓര്‍മ്മകള്‍ പുതുക്കുന്ന രീതിയില്‍ ആയിരുന്നു ഒരുക്കിയിരുന്നത്. ഐ സി എഫിന്റെ സെന്‍ട്രല്‍, പ്രൊവിന്‍സ്, നാഷണല്‍, ഇന്റര്‍ നാഷണല്‍ നേതാക്കള്‍ക്കൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കൂടിയായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയത്. എസ്എസ്എഫ് ദേശീയ സമിതി അംഗം റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.

വ്യത്യസ്ത മേഖലകളില്‍ സമൂഹത്തിന് ഗുണകരമായ സേവനങ്ങള്‍ ചെയ്ത നാലു പേര്‍ക്കുള്ള എമിനന്റ് അവാര്‍ഡുകള്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി ചടങ്ങില്‍ വിതരണം ചെയ്തു.

ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, അബ്ദുല്‍ നാസര്‍ അഹ്‌സനി, ലുഖ്മാന്‍ പാഴൂര്‍, അബ്ദുല്‍ മജീദ് താനാളൂര്‍, ഷെമീര്‍ രണ്ടത്താണി, മര്‍സൂഖ് സഅദി, മുഹമ്മദ് ബാദുഷ സഖാഫി, അസീസ് പാലൂര്‍, ലത്തീഫ് മിസ്ബാഹി, നൗഷാദ് മാസ്റ്റര്‍, മുസ്തഫ സഅദി ഇബ്രാഹീം കരീം തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ സംസാരിച്ചു.

രിസാലത്തുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രവാചക നഗരിയുടെ നേര്‍കാഴ്ച്ചകളുടെ പ്രദര്‍ശനമായ മദീന ആര്‍ട്ട് ഗാലറി പ്രമുഖ വ്യവസായി മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും, ഐസിഎഫ് നടത്തിയ മാസ്റ്റര്‍ മൈന്റ് ക്വിസില്‍ വിജയിച്ചവര്‍ക്കും ഹാദിയ അക്കാദമി ഇന്റര്‍നാഷണല്‍ ക്വിസ് വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here