രോഹിത്തിനുവേണ്ടി ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ സമീപിച്ചോ; ഒടുവിൽ പ്രതികരിച്ച് ചെന്നൈ സിഇഒ

0
99

ചെന്നൈ: ഐപിഎല്‍ ലേലത്തിന് പിന്നാലെ വീണ്ടും കളിക്കാരുടെ ട്രേ‍ഡ് വിന്‍ഡോ തുറന്നിരിക്കുകയാണ്. ടീമുകള്‍ക്ക് പരസ്പരം കളിക്കാരെ കൈമാറാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ലേലത്തിന് മുമ്പ് ട്രേഡിലൂടെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ടീമീലെത്തിച്ചത് ഇത്തരത്തില്‍ ട്രേഡ‍ിലൂടെയായിരുന്നു.

ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് പിന്നാലെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള ടീമുകള്‍ രോഹിത്തിനായി സമീപിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു. എന്നാല്‍ അഭ്യൂഹങ്ങളോട് ആദ്യമായി ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇപ്പോള്‍.

ചെന്നൈ ടീം ട്രേഡിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സുമായി ട്രേഡ് ചെയ്യാനുള്ള കളിക്കാരാരും ഞങ്ങള്‍ക്കില്ല. അതുകൊണ്ട് തന്നെ ഞങ്ങളവരെ സമീപിക്കുകയോ അതിന് തയാറെടുക്കുയോ ചെയ്യുന്നില്ല. കാശി വിശ്വനാഥന്‍ പറഞ്ഞു.

അതേസമയം, ഐപിഎല്‍ ലേലത്തിനുശേഷം രോഹിത്തിന്‍റെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ടീമിനകത്തും ഗ്രൗണ്ടിലും രോഹിത് ശര്‍മയുടെ സാന്നിധ്യം ടീമിന് അനിവാര്യമാണെന്നും അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ മുംബൈ ടീമിന്‍റെ അവിഭാജ്യഘടകമായി രോഹിത് ഉണ്ടാവുമെന്നും ടീം ഡയറക്ടറായ മഹേല ജയവര്‍ധനെ പറഞ്ഞു.

ഐപിഎല്ലില്‍ മൂന്ന് വര്‍ഷമായി കിരീടം നേടിയിട്ടില്ലാത്ത മുംബൈ ഇന്ത്യന്‍ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിലൂടെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. വിമര്‍ശകരുടെ വായടപ്പിക്കാന്‍ വ്യക്തിപരമായി ഹാര്‍ദ്ദിക്കിനും മുംബൈ കിരീടം നേടേണ്ടത് അനിവാര്യമാണ്. ഈ സീസണില്‍ മോശം പ്രകടനം നടത്തിയാല്‍ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം സുരക്ഷിതമായിരിക്കില്ലെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here