സെമിയിലെത്താന്‍ പാകിസ്ഥാന്‍ നന്നായി പാടുപെടും! കണക്കിലെ കളിയിങ്ങനെ

0
78

ബംഗളൂരു: നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയെങ്കിലും ഏകദിന ലോകകപ്പില്‍ സെമിയില്‍ കടക്കുകയെന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ബാലികേറാമല. ഇപ്പോള്‍ അഞ്ചാം സ്ഥാനക്കാരായ പാകിസ്ഥാന് അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ മാത്രം മതിയാവില്ല. നിലവില്‍ നാലാമതുള്ള ന്യൂസിലന്‍ഡ്, ശ്രീലങ്കയോട് തോല്‍ക്കുകയും അഫ്ഗാനിസ്ഥാന്‍ അവരുടെ അവസാന രണ്ട് മത്സരത്തില്‍ പരാജയപ്പെടുകയും വേണം. അഫ്ഗാന് ശക്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെയാണ് ഇനി നേരിടാനുള്ളത്. ഇരുവരേയും മറികടക്കുക പ്രയാസമായിരിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ച് കഴിഞ്ഞു. ഏറെക്കുറെ ഓസ്‌ട്രേലിയയും. നാലാമതായി ന്യൂസലന്‍ഡ് അല്ലെങ്കില്‍ പാകിസ്ഥാന്‍ ഇവരില്‍ ഒരു ടീമിനാണ് കൂടുതല്‍ സാധ്യത.

പാകിസ്ഥാനെ അപേക്ഷിച്ച് ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പമാണ്. കാരണം +0.398 ന്റെ നെറ്റ് റണ്‍റേറ്റുണ്ട് ന്യൂസിന്‍ഡിന്. പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.036 മാത്രമാണ്. ഇനി കണക്കിലെ കളിയെടുത്താലും ന്യൂസിലന്‍ഡിന് തന്നെയാണ് സാധ്യത. വ്യാഴാഴ്ച്ചയാണ് ന്യൂസിലന്‍ഡ് – ശ്രീലങ്ക മത്സരം. കിവീസ് ഒരു റണ്ണിന് ജയിച്ചാല്‍ പോലും പാകിസ്ഥാന് അവസാന മത്സരത്തില്‍ ചുരുങ്ങിയത് 135 റണ്‍സിന് ഇംഗ്ലണ്ടിനെ മറികടക്കണം. ഇനി പാകിസ്ഥാന്‍ സ്‌കോര്‍ പിന്തുടരുകയാണെങ്കില്‍ 27 ഓവറിനുള്ളില്‍ മത്സരം തീര്‍ക്കണം.

ശ്രീലങ്കയ്‌ക്കെതിരെ കിവീസ് 25 റണ്‍സിനാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന് അവസാന മത്സരത്തില്‍ 154 റണ്‍സിന് ജയിക്കേണ്ടതായി വരും. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ 25 ഓവറില്‍ സ്‌കോര്‍ പിന്തുടരണം. 50 റണ്‍സിനാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന്‍ 177 റണ്‍സിന് ഇംഗ്ലണ്ടിനെ മറികടക്കണം. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 21 ഓവറില്‍ മത്സരം സ്വന്തമാക്കണം. ഇനി നൂറ് റണ്‍സിനാണ് കിവീസ് ജയമെങ്കില്‍ പാകിസ്ഥാന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. 225 റണ്‍സിന് ഇംഗ്ലണ്ടിനോട് ജയിക്കേണ്ടിവരും. രണ്ടാമതാണ് ബാറ്റിംഗെങ്കില്‍ 14 ഓവറില്‍ മത്സരം തീര്‍ക്കണം.

ഇനി ശ്രീലങ്കയ്‌ക്കെതിരെ 35 ഓവറില്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ 225ന് റണ്‍സി ജയിക്കണം. രണ്ടാമതാണ് ബാറ്റിംഗ് എങ്കില്‍ പാകിസ്ഥാന്‍ 14 ഓവറില്‍ കളി തീര്‍ക്കണം. 40 ഓവറിനുള്ളിലാണ് ജയിക്കുന്നെങ്കില്‍ പാകിസ്ഥാന്‍ 193 റണ്‍സിന് ജയിക്കേണ്ടതായി വരും. ചുരുക്കി പറഞ്ഞാല്‍ ന്യൂസിലന്‍ഡ് തോറ്റാല്‍ മാത്രമേ പാകിസ്ഥാന് അനുകൂലമാവൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here