ബഹിഷ്‌ക്കരണത്തിൽ പൊള്ളി ‘സ്റ്റാർബക്‌സ്’; ഉൽപന്നങ്ങൾ വമ്പൻ ഡിസ്‌കൗണ്ടിൽ

0
189

കെയ്‌റോ: ഇസ്രായേൽ അനുകൂല നിലപാടിൽ ശക്തമായ പ്രതിഷേധം നേരിടുന്നതിനിടെ വമ്പൻ ഡിസ്‌കൗണ്ടുമായി കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്‌സ്. ഈജിപ്തിലെ ഔട്ട്‌ലെറ്റുകളിലാണ് 78.5 ശതമാനം വിലക്കുറവിൽ ഉൽപന്നങ്ങൾ വിൽക്കുന്നത്. വലിയ തോതിൽ ബഹിഷ്‌ക്കരണം നേരിടുന്നതിനിടെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ തന്ത്രവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

ഈജിപ്തിൽനിന്നുള്ള ഉപയോക്താക്കളാണ് കമ്പിയുടെ പുതിയ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 93 പൗണ്ട് വിലയുള്ള ഉൽപന്നം 20 രൂപയ്ക്കാണിപ്പോൾ കമ്പനി വിൽക്കുന്നത്. സ്റ്റാർബക്‌സിന്റെ ഫ്രാപ്പൂച്ചിനോയ്ക്കാണ് ഈ വമ്പൻ വിലക്കുറവ്.

ബഹിഷ്‌ക്കരണങ്ങൾ ഏശില്ലെന്നു പറയുന്നവർക്കുള്ള മറുപടിയാണിതെന്നു പറഞ്ഞാണ് ഈജിപ്തിലെ സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റുകളിൽനിന്നുള്ള ഡിസ്‌കൗണ്ട് കാർഡ് ചിത്രങ്ങൾ ഉപഭോക്താക്കൾ പങ്കുവയ്ക്കുന്നത്. ഇസ്രായേൽ അനുകൂല കമ്പനികൾക്കെതിരെ ഈജിപ്ത് ഉൾപ്പെടെ പശ്ചിമേഷ്യൽ രാജ്യങ്ങളിൽ വലിയ തോതിൽ ബഹിഷ്‌ക്കരണാഹ്വാനമുണ്ടായിരുന്നു. മക്‌ഡൊണാൾഡ്‌സ്, സ്റ്റാർബക്‌സ് ഉൾപ്പെടെയുള്ള കമ്പനികളെ ഇതു വലിയ തോതിൽ ബാധിച്ചതായാണ് റിപ്പോർട്ട്. കാലിയായിക്കിടക്കുന്ന സ്റ്റാര്‍ബക്സ് ഔട്ട്‌ലെറ്റുകളുടെ ചിത്രങ്ങളും ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.

കാംപയിൻ ശക്തമായതോടെ ഈജിപ്ഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെ ബഹിഷ്‌ക്കരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഈ കമ്പനികൾ ഫ്രാഞ്ചൈസി സംവിധാനത്തിലാണു പ്രവർത്തിക്കുന്നതെന്ന് ആയിരക്കണക്കിന് ഈജിപ്തുകാരാണ് ഇവിടെ തൊഴിലാളികളായി ജോലി ചെയ്യുന്നതെന്നും ചേംബർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇവർ രാജ്യത്തിന് നികുതി നൽകുന്നുണ്ടെന്നും ഇതിൽ ചൂണ്ടിക്കാട്ടി.

ഇസ്രായേൽ-ഇസ്രായേൽ അനുകൂല ഉൽപന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രചാരണം നടത്തുന്ന പ്രസ്ഥാനമായ ബി.ഡി.എസ് ആണ് ഇത്തവണയും രംഗത്തുള്ളത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ബഹിഷ്‌ക്കരിക്കേണ്ട കമ്പനികളുടെ പട്ടിക ബി.ഡി.എസ് പുറത്തിറക്കിയിരുന്നു. ഗസ്സയിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ സൈനികർക്ക് മക്‌ഡൊമാൾഡ്‌സ് സൗജന്യ ഭക്ഷണം വിതരണം ചെയ്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതേതുടർന്ന് ഈജിപ്ത് ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കമ്പനി വൻ തിരിച്ചടിയും നേരിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here