പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: കുപിതനായി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി

0
153

കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണ്’ മുഖ്യമന്ത്രി കാസർകോട് പ്രതികരിച്ചു. അതിനിടെ യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പൊലീസ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിയയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കരുതൽ തടങ്കലിൽ എടുത്തത്.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിന് മുന്നിൽ നിന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു. സിപിഎം നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു. വേദിക്കടുത്തുണ്ടായിരുന്ന കാറിൽ കയറി അദ്ദേഹം പോവുകയും ചെയ്തു.

ബേഡഡുക്ക കാസർകോട് ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ബാങ്കിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിനാണ് അദ്ദേഹം എത്തിയത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു പരിപാടിയിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു. സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടലിനെയും കരുവന്നൂർ ബാങ്കിലടക്കം നടക്കുന്ന ഇഡി പരിശോധനയെയും പരോക്ഷമായി വിമർശിച്ചാണ് വേദിയിൽ മുഖ്യമന്ത്രി സംസാരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here