കാസര്‍കോട്: രണ്ടു പാക്കറ്റ് കഞ്ചാവുമായി നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി. തിരിച്ചെത്തിയ ശേഷം നാട്ടുകാര്‍ക്കു നേരെ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് വാറന്റ് കേസില്‍ അറസ്റ്റു ചെയ്തു. ബന്തിയോട് അടുക്ക ജംഗ്ഷനില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഫയാസാ(26)ണ് നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞത്.
കഴിഞ്ഞ ദിവസം രണ്ടു പാക്കറ്റ് കഞ്ചാവുമായി ഫയാസിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയിരുന്നു. എന്നാല്‍ ചെറിയ അളവായതിനാല്‍ അപ്പോള്‍ തന്നെ ജാമ്യം ലഭിച്ചു. പിന്നീട് താമസ സ്ഥലത്ത് തിരിച്ചെത്തിയ ഇയാള്‍ നാട്ടുകാരെ വെല്ലുവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ടതോടെ നിരവധി പേര്‍ വീട്ടില്‍ തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പൊലീസിനെയും വകവയ്ക്കാതെ ഭീഷണി തുടര്‍ന്നതോടെ രംഗം കൂടുതല്‍ വഷളായി. ഇതോടെ ഫയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് നേരത്തെ രജിസ്റ്റര്‍ ചെയ്ത അടിപിടി കേസിലെ വാറന്റു പ്രതിയെന്ന് തിരിച്ചറിഞ്ഞതും അറസ്റ്റു ചെയ്തതും.
അതേസമയം വാറന്റു പ്രതിയെ തിരിച്ചറിയാന്‍ വൈകിയതെന്താണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അതേസമയം കഞ്ചാവ് തേടി ബൈക്കുകളിലെത്തിയ ഏതാനും യുവാക്കള്‍ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്തുവിടുകയായിരുന്നു.