കാവേരി നദീജല തർക്കം; കർണാടക ബന്ദ് തുടങ്ങി, അവധി പ്രഖ്യാപിച്ച് സ്കൂളുകൾ, നഗരത്തിൽ നിരോധനാജ്ഞ

0
124

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദ് തുടങ്ങി. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. അക്രമസാധ്യത കണക്കിലെടുത്ത് ഇന്ന് ബെംഗളുരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന്‍റെ പശ്ചാത്തലത്തിൽ മിക്ക സ്കൂളുകളും കോളേജുകളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പല ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോ, ട്രെയിൻ സർവീസുകൾ മുടക്കം കൂടാതെ പ്രവർത്തിക്കുമെന്ന് നമ്മ മെട്രോ അധികൃതരും റെയിൽവേയും അറിയിച്ചിട്ടുണ്ട്.

അതേസമയം ബെം​ഗളൂരു നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ല. പ്രതിഷേധക്കാര്‍ക്ക് ഫ്രീഡം പാര്‍ക്കില്‍ ധര്‍ണ്ണ നടത്താം. നഗരത്തിൽ ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ബന്ദ് പ്രഖ്യാപിച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നതിനെയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു. തമിഴ്നാട്ടിലും സമരം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here