അപകടങ്ങൾക്ക് കാരണം, ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ വേണ്ട; ശിപാർശയുമായി ഗതാഗത സെക്രട്ടറി

0
146

തിരുവനന്തപുരം: ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ അനുവദിക്കരുതെന്ന ശിപാർയുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. സര്‍വീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയുടെ നിലപാട്. കരട് നിര്‍ദേശം സെക്രട്ടറി സര്‍ക്കാരിന് കൈമാറി.

ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ പൂര്‍ണമായും അവിടെ നിരോധിക്കണമെന്നതാണ് ബിജു പ്രഭാകറിന്റെ നിര്‍ദേശം. കാറുകളുടെയും വലിയ വാഹനങ്ങളുടെയും സുഖമമായ സഞ്ചാരത്തിന് ഇരുചക്രവാഹനങ്ങള്‍ തടസ്സമാകാതിരിക്കാനാണ് ഇത്തരമൊരു നടപടി. പകരം ഇരുചക്രവാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ യാത്രചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അംഗീകാരം കിട്ടിയാലേ ഇത് നടപ്പിലാകാനാകൂ.

സംസ്ഥാനത്തുണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം ഇരുചക്രവാഹനങ്ങളെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ബൈക്ക് അപകടത്തില്‍ മാത്രം നഷ്ടപ്പെട്ടത് 1288 ജീവനുകളാണ്. 2021 ല്‍ 1069 പേര്‍ മരിച്ചു. അപകടം കുറക്കുന്നതിന്റെ ഭാഗമായാണ് ബൈക്കുകളുടെ പരമാവധി വേഗത 60 ആക്കി കുറച്ചത്.

ദേശീയപാതാ നിർമാണം പൂർത്തിയാകുമ്പോൾ വലിയ വാഹനങ്ങൾക്ക് ഇതിലൂടെ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നും അപ്പോൾ 60 കിലോമീറ്റർ സ്പീഡിലുള്ള ഇരുചക്രവാഹനം വന്നാൽ ഇത് മാർഗതടസ്സം സൃഷ്ടിക്കുമെന്നുമാണ് ബിജു പ്രഭാകറിന്റെ വിലയിരുത്തൽ. വലിയ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് ഇരുചക്രവാഹനങ്ങൾ ദേശീയപാതയിൽ ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം ശിപാർശയിൽ എതിർപ്പുമായി ബൈക്ക് റൈഡേഴ്‌സ് ക്ലബ്ബുകൾ ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here