ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് ‘ഇന്ത്യ’ മുന്നണി ഒരുങ്ങുന്നു; മണിപ്പൂരിനെ ചൊല്ലി ഇന്നും പാര്‍ലമെന്റില്‍ ബഹളം; ഇന്നലെ രാത്രി മുതല്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാരുടെ കുത്തിയിരിപ്പ് സമരം

0
121

മണിപ്പൂരിലെ വിഷയത്തില്‍ പാര്‍ലമെന്റില്‍ കടുത്ത പ്രക്ഷോഭ പരിപാടികളുമായി പ്രതിപക്ഷം ഇറങ്ങുമ്പോള്‍ സഭാ നടപടികള്‍ എങ്ങനേയും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ലോക്സഭയില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി പ്രതിപക്ഷ പാര്‍ട്ടികളുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ടില്ല. പക്ഷേ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ബിജെപി പാര്‍ലമെന്ററി യോഗത്തിലെ നിലപാട്. ബഹളങ്ങള്‍ക്കിടയില്‍ ഒരു ബില്‍ പാസാക്കേണ്ടി വന്നാല്‍ അത് നടപ്പാക്കുമെന്ന് തന്നെയാണ് ഭരണപക്ഷത്തിന്റെ നിലപാട്.

രാവിലെ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ കണ്ടിട്ടില്ലെന്ന് പറയുകയും ചെയ്തു.

പ്രതിപക്ഷം എതിര്‍ത്താലും പ്രതിഷേധം ഉയര്‍ന്നാലും സഭാനടപടികള്‍ എങ്ങനേയും പൂര്‍ത്തീകരിക്കാന്‍ ഭരണപക്ഷം ഒരുങ്ങുമ്പോള്‍ പോരാടാനുറച്ചു തന്നെയാണ് ഇന്ത്യ മുന്നണി.

മണിപ്പുര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ സഭാ നടപടികളെ നോക്കുകുത്തിയാക്കുന്നു എന്നാരോപിച്ച് ‘ഇന്ത്യ’യുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രാത്രി മുഴുവന്‍ കുത്തിയിരിപ്പ് സമരം എംപിമാര്‍ നടത്തി. പ്രധാനമന്ത്രി എവിടെ എന്ന ചോദ്യം ചോദിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഞ്ജയ് സിങ്ങിനോടുള്ള ഐക്യദാര്‍ഢ്യമാണ് കുത്തിയിരിപ്പ് സമരമെന്ന് പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.

‘ഇന്ത്യ ഫോര്‍ മണിപ്പുര്‍’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എംപിമാര്‍ രാത്രി വൈകിയും ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഇപ്പോഴും തുടരുന്നുണ്ട്. രാജ്യസഭയില്‍ തുടര്‍ച്ചയായി നടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടിയിലെ സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തത്.

മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുതന്നെയാണ്. സഭാ സ്തംഭനം അവസാനിപ്പിക്കാന്‍ സര്‍വകക്ഷി ചര്‍ച്ചയ്ക്കു തയാറാണെന്നു സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here