22 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്തു, അപൂര്‍വ്വ നേട്ടവുമായി ഇന്ത്യ

0
74

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ടെസ്റ്റില്‍ വേഗത്തില്‍ 100 റണ്‍സ് പൂര്‍ത്തിയാക്കുന്ന ടീമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. 22 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചിരിക്കുന്നത്.

ശ്രീലങ്കയായിരുന്നു ഇതുവരെ ഈ നേട്ടത്തില്‍ തലപ്പത്തുണ്ടായിരുന്നത്. 2001ല്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്ക 13.2 ഓവറില്‍ ഈ നേട്ടത്തിലെത്തിയിരുന്നു. 1994ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 13.4 ഓവറില്‍ ഇംഗ്ലണ്ട് ഈ നേട്ടത്തിലേക്കെത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ബംഗ്ലാദേശും 2022ല്‍ പാകിസ്ഥാനെതിരേ ഇംഗ്ലണ്ടും 13.4 ഓവറില്‍ 100 റണ്‍സിലേക്കെത്തിയിരുന്നു. ഈ റെക്കോഡുകളാണ് ഇന്ത്യ പഴങ്കഥയാക്കിയിരിക്കുന്നത്.

രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം റണ്‍സുയര്‍ത്തിയ ഇന്ത്യ 12.2 ഓവറില്‍ 100 റണ്‍സ് പിന്നിട്ടു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും (44 പന്തില്‍ 57) യശ്വസി ജയ്സ്വാളും (30 പന്തില്‍ 38) നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് 22 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ക്കാന്‍ ഇന്ത്യക്ക് കരുത്തായത്.

അതേസമയം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സ് രണ്ട് വിക്കറ്റിന് 181 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ആതിഥേയര്‍ക്ക് 365 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് രണ്ട് വിക്കറ്റിന് 76 എന്ന നിലയിലാണ്. ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ 289 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്.

വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (28), കിര്‍ക്ക് മക്കെന്‍സി (0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (24) ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ് (20) എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിനാണ് രണ്ടുവിക്കറ്റും വീഴ്ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here