ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; അഡ്വ. ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസെടുത്തു

0
283

കാസര്‍കോട്: കാഞ്ഞങ്ങാട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതിയുടെ ഹര്‍ജിയില്‍ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസെടുത്തു. ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയില്‍ തനിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന കളനാട് കട്ടക്കാല്‍ ന്യൂ വൈറ്റ് ഹൗസില്‍ എസ്.കെ. മുഹമ്മദ് കുഞ്ഞി(78)യുടെ ഹര്‍ജിയില്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി മേല്‍പ്പറമ്പ് പോലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേല്പറമ്പ സി.ഐ. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍, മകന്‍ അഞ്ചരപ്പാട്ടില്‍ ഇഷാം, സി. ഷുക്കൂര്‍, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരെ ഒന്നുമുതല്‍ നാലുവരെ പ്രതികളാക്കാനാണ് മജിസ്ട്രേറ്റ് ബാലു ദിനേഷ് പോലീസിന് നല്‍കിയിരുന്ന നിര്‍ദേശം. നിക്ഷേപത്തട്ടിപ്പ് കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ്കുഞ്ഞി. ഡയരക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് ഇദ്ദേഹം ഹര്‍ജിയില്‍ ബോധിപ്പിച്ചത്.

മുന്‍ എം.എല്‍.എ.യും മുസ്ലിംലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനും പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസന്വേഷിച്ചത് ക്രൈംബ്രാഞ്ചാണ്. പൂക്കോയ തങ്ങളും മകനും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ ഡയറക്ടറാക്കിയത് അറിഞ്ഞില്ലെന്നും മുഹമ്മദ് കുഞ്ഞിയുടെ ഹര്‍ജിയിലുണ്ടായിരുന്നു.

ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കിട്ടാനായി ഫോറം 32-നൊപ്പം 2013 ഓഗസ്റ്റ് 13-നാണ് മുഹമ്മദ്കുഞ്ഞിയുടെ സത്യവാങ്മൂലവും സമ്മതപത്രവും സമര്‍പ്പിച്ചത്. ഈ സമയത്ത് വിദേശത്തായിരുന്നുവെന്നതിന്റെ തെളിവായി ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും ഹര്‍ജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറി സി. ഷുക്കൂറാണ്. സത്യവാങ്മൂലത്തിലെയും സമ്മതപത്രത്തിലെയും കൈയൊപ്പിന് തന്റെ കക്ഷിയുടെ ഒപ്പുമായി ബന്ധമില്ലെന്ന് തെളിവുകള്‍ ഹാജരാക്കി മുഹമ്മദ് കുഞ്ഞിയുടെ അഭിഭാഷകന്‍ വാദിച്ചു. 2017-ല്‍ മുഹമ്മദ് കുഞ്ഞിയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. ഇതിനുവേണ്ടി കമ്പനി രജിസ്ട്രാറുടെ കാര്യാലയത്തില്‍ സമര്‍പ്പിച്ച രേഖയിലും മുഹമ്മദ് കുഞ്ഞിയുടെ ഒപ്പല്ല ഉള്ളത്. കേസില്‍ പ്രതിയായപ്പോഴാണ് ഡയറക്ടറാക്കിയെന്ന കാര്യം അറിയുന്നതെന്നും രേഖകള്‍ പരിശോധിക്കാതെയാണ് കേസെടുത്തതെന്നും മുഹമ്മദ് കുഞ്ഞി ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജിക്കാരനുവേണ്ടി തലശ്ശേരിയിലെ അഭിഭാഷകന്‍ കെ.എം. ഗിരീഷ്‌കുമാര്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here