പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം, ലോക്കല്‍ സെക്രട്ടറിയെ തൂക്കി വെളിയിലെറിഞ്ഞ് സി.പി.എം; അശ്ലീല വീഡിയോ വിവാദത്തില്‍ നടപടിക്ക് പിന്നാലെ അടുത്തത്

0
170

ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലെ കൂട്ടനടപടിക്ക് പിന്നാലെ പരാതി ഉയര്‍ന്നിടങ്ങളിലെല്ലാം കര്‍ശന നടപടിയുമായി സിപിഎം. കാസര്‍കോട് സിപിഎം പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് കോടോം ലോക്കല്‍ സെക്രട്ടറി കെ വി കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

മലയോരമേഖയായ കോടോംമിലെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും കെ വി കേളുവിനെ പുറത്താക്കിയത് ജില്ലാ സെക്രട്ടേറിയറ്റംഗം സാബു ഏബ്രഹാം പങ്കെടുത്ത അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗമാണ്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഇയാളെ പുറത്താക്കാന്‍ തീരുമാനമെടുത്തതിന് ശേഷം സി.പി.എം. മുന്‍ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ ടി. ബാബുവിനാണ് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഫോണില്‍ റെക്കോഡ് ചെയ്ത ഇയാളുടെ സംഭാഷണമുള്‍പ്പെടെയാണ് സിപിഎം പ്രവര്‍ത്തക പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റിക്ക് പരാതി നല്‍കിയിത്. ഇതിനുശേഷം കേളു തങ്ങളെ ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും ഇവര്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറയതോടെയാണ് നടപടി ഉണ്ടായത്. കെ വി കേളുവിനെ പുറത്താക്കിക്കൊണ്ടുള്ള കീഴ്ക്കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

നേരത്തെ വിഭാഗീയതയുടെ പേരില്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയിലുണ്ടായ കൂട്ടനടപടിക്ക് പിന്നാലെ ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും നടപടി ഉണ്ടായിരുന്നു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്ന എഡി ജയനെയാണ് പാര്‍ട്ടി 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ വിഭാഗീയതയില്‍ സിപിഎമ്മിന്റെ കൂട്ട നടപടിയില്‍ ആലപ്പുഴ സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അശ്ലീല വീഡിയോ വിവാദത്തിലെ നടപടി.

സ്ത്രീകളുടെ നഗ്ന ദൃശ്ശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിച്ച എ പി സോണയെ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയിരുന്നു. ഈ വിഷയത്തില്‍ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായിരുന്ന എഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെന്‍ഷന്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here