മദനിക്ക് ദേഹാസ്വാസ്ഥ്യം: കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
159

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിക്ക് കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മദനി ഇവിടെ നിന്ന് അൻവാർശേരിയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തിലെത്തിയതിൽ സന്തോഷം എന്നാണ് വിമാനത്താവളത്തിൽ മദനി മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന്  എല്ലാവരുടേയും സഹായമുണ്ട്, അതാണ് കരുത്ത് നൽകുന്നത്. വിരോധമുള്ളവരെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് ചെയ്യുന്നത്. ഇനിയും വർഷങ്ങളെടുക്കാവുന്ന അവസ്ഥയിലാണ് തനിക്കെതിരായ കേസ്. കള്ളക്കേസാണെന്ന് എനിക്കും നാടിനും അറിയാം. കർണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ല. എന്നാൽ ദ്രോഹമുണ്ടായിട്ടില്ല. എത്ര വലിച്ചു നീട്ടി കൊണ്ടു പോയാലും ഒരു വർഷത്തിനുള്ളിൽ തീർക്കാൻ സാധിക്കുന്ന കേസായിരുന്നു. അതാണ് ഇപ്പോൾ പതിനാലാം വർഷത്തിലേക്ക് കടക്കുന്നത്. രാജ്യത്തെ നീതി സംവിധാനത്തെ വ്യക്തമായി പുന:പരിശോധനയ്ക്ക് വിധേയമാക്കണം. പ്രതീക്ഷ മുഴുവൻ കേരളീയ സമൂഹത്തിൻ്റെ പിന്തുണയിലാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here