ഐപിഎൽ ഷോയിൽ അവതാരകനായി മുനവ്വർ ഫാറൂഖി; സ്റ്റാർ സ്പോർട്സ് ബഹിഷ്‌കരിക്കാൻ ഹിന്ദുത്വവാദികൾ

0
111

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സംപ്രേഷണം ചെയ്യാൻ അവകാശമുള്ള നാഷണൽ ടിവിയായ സ്റ്റാർ സ്പോർട്സിനെതിരെ ബഹിഷ്കരണ ആഹ്വാനം. മെയ് 12 ന് സംപ്രേഷണം ചെയ്ത ഐപിഎൽ ഷോയ്ക്കിടെ സ്റ്റാൻഡ് അപ് കൊമേഡിയനായ മുനവ്വർ ഫാറൂഖി എത്തിയതിനെ എതിർത്ത് തീവ്ര ഹിന്ദുത്വവാദികളാണ് സ്റ്റാർ സ്പോർട്സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐ.പി.എല്‍ മാച്ചിനിടെയാണ് മുനവ്വർ ഫാറൂഖി അവതാരകനായി എത്തിയത്. പിന്നാലെ സ്റ്റാർ സ്പോർട്സിനെതിരെ ഒരു വിഭാഗം ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിൽ #BoycottStarSports എന്ന ഹാഷ്‌ടാഗ്‌ ഇപ്പോൾ ട്രെൻഡിങ്ങാണ്.

ഹിന്ദു ദൈവങ്ങൾക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുനവ്വർ ഫാറൂഖി അറസ്റ്റിലായിരുന്നു. ഒരു വലതുപക്ഷ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ൽ ഇൻഡോർ പൊലീസാണ് മുനവ്വർ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ കോടതി പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. മുനവ്വർ ഫാറൂഖിയുടെ പല തമാശകളും ഹിന്ദു മതത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾ അദ്ദേഹത്തിനെതിരെ നിരന്തരം ഭീഷണി ഉയർത്തി വരികയാണ്.

2021 ജനുവരി ഒന്നിനാണ് മുനവ്വർ ഫാറൂഖിയെയും മറ്റ് നാലുപേരെയും മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇൻഡോറിലെ ഒരു കോഫി ഷോപ്പിൽ നടത്തിയ കോമഡി ഷോയിൽ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന ബിജെപി എംഎൽഎ മാലിനി ലക്ഷ്മൺ സിംഗ് ഗൗഡിന്റെ മകൻ ഏകലവ്യ സിംഗ് ഗൗഡിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഈ സംഭവത്തിന് ശേഷം കടുത്ത ആക്രമണങ്ങളാണ് ബിജെപി മുനവ്വർ ഫാറൂഖിക്കെതിരെ നടത്തുന്നത്. മുനവ്വറിന്റെ പരിപാടികൾ ബിജെപിയുടെ ഭീഷണി കാരണം തുടർച്ചയായി റദ്ദാക്കപ്പെട്ടിരുന്നു. . ഇതോടെ ഈ കരിയർ വിടുകയാണെന്ന് വികാരഭരിതമായൊരു സോഷ്യൽ മീഡിയാ കുറിപ്പിലൂടെ മുനവ്വർ അറിയിച്ചു. തുടർന്ന് നിരവധി ആളുകളാണ് ഇദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. പിന്നാലെ 2021 ഡിസംബറിൽ കോൺഗ്രസ് പിന്തുണയോടെ മുനവ്വർ മുംബൈയിൽ ഒരു ഷോ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സ്റ്റാൻഡ് അപ് രംഗത്ത് സജീവമാകാൻ തുടങ്ങിയത്. എന്നിട്ടും ഹിന്ദുത്വവാദികൾ വിടാതെ പിന്തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here