‘ടി 20യില്‍ ടെസ്റ്റ് കളിക്കുന്ന 15 കോടിയുടെ മുതലിനെ അകത്ത് ഇരുത്തൂ’; മലയാളി താരത്തിനായി അങ്ങ് മുംബൈയിൽ മുറവിളി

0
293

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഇഷാൻ കിഷന് പകരം വിഷ്ണു വിനോദിന് അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ത്തി ആരാധകര്‍. വിഷ്ണു വിനോദിനെ മധ്യനിരയില്‍ പരീക്ഷിച്ച് കൊണ്ട് രോഹിത് ശര്‍മ്മയ്ക്കൊപ്പം കാമറൂണ്‍ ഗ്രീനെ ഓപ്പണറാക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഫോമിന്‍റെ അടുത്ത് പോലുമില്ലെന്ന് മാത്രമല്ല, ഡോട്ട് ബോളുകള്‍ നിരവധി കളിക്കുന്ന ഇഷാൻ കിഷൻ പവര്‍ പ്ലേ നശിപ്പിക്കുകയാണെന്നാണ് ആരാധകരുടെ വിമര്‍ശനം.

15.25 കോടി മുടക്കി ടീമിലെത്തിച്ച താരത്തില്‍ നിന്ന് ആ മൂല്യത്തിന് ചേര്‍ന്ന പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. കൊല്‍ക്കത്തക്കെതിരെ നേടിയ 25 പന്തില്‍ 58 റണ്‍സാണ് സീസണില്‍ കിഷന്‍റെ ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 38 റണ്‍സടിച്ചതാണ് കിഷന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍. സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ 13 പന്തില്‍ 10, ചെന്നൈ സൂപ്പര്‍ കിംഗ്സനെതിരെ 21 പന്തില്‍ 32, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 26 പന്തില്‍ 31, പഞ്ചാബ് കിംഗ്സിനെതിരെ നാലു പന്തില്‍ ഒന്ന്, ഇന്നലെ 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഗുജറാത്തിനെതിരെ 21 പന്തില്‍ 13 എന്നിങ്ങനെയാണ് കിഷന്‍റെ മറ്റ് പ്രകടനങ്ങള്‍.

 

വലിയ സ്കോര്‍ പിന്തുടരുമ്പോള്‍ പോലും അതിവേഗം സ്കോര്‍ ഉയര്‍ത്താൻ ശ്രമിക്കാതെ പന്തുകള്‍ പാഴാക്കുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഐപിഎല്ലിലെ ഈ കളി കൊണ്ട് ടെസ്റ്റ് ടീമില്‍ ഇടം നേടാൻ ശ്രമിക്കുകയാണോ താരമെന്നാണ് ഒരു പടി കൂടെ കടന്ന് ആരാധകര്‍ ചോദിക്കുന്നത്. 2022 മുതല്‍ ഇഷാന്‍റെ ട്വന്‍റി 20 കണക്കുകളും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 43 ഇന്നിംഗ്സുകളില്‍ നിന്നായി 1141 റണ്‍സ് മാത്രമാണ് താരം നേടിയിട്ടുള്ളത്.

20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു. അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം. ടിം ഡേവിഡിനൊപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാൻ വിഷ്ണുവിന് സാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here