ശരിക്കും ടീം ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയോ? വസ്തുത ഇതാണ്

0
145

ടെസ്റ്റില്‍ ഇന്ത്യ ഒന്നാമതെത്തി എന്ന് ഐസിസി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതേത്തുടര്‍ന്ന് ലോകമെങ്ങും ചര്‍ച്ചയും വാര്‍ത്തകളുമുണ്ടായി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമതെത്തിയെന്ന തരത്തില്‍ വെബ്‌സൈറ്റില്‍ അടയാളപ്പെടുത്തിയത് ഐസിസിക്ക് സംഭവിച്ച വസ്തുതാപരമായ പിഴവായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെടുകയും ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐസിസി വെബ്‌സൈറ്റില്‍ ഇക്കാര്യം വൈകീട്ടോടെ എഡിറ്റ് ചെയ്ത് നീക്കി. 126 റേറ്റിംഗ് പോയിന്റുകളുമായി ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമതെന്ന് ഇപ്പോള്‍ ഐസിസി വെബ്‌സൈറ്റിലുമുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഐസിസി വെബ്‌സൈറ്റിലെ പട്ടികയുടെ അടിസ്ഥാനത്തില്‍ വ്യാപകമായി വാര്‍ത്ത പരന്നത്. പിന്നീട് വൈകീട്ടോടെ തന്നെ ഐസിസി തിരുത്തല്‍ വരുത്തി. ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാമതാണ്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് കീഴില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ജയം നേടിയ പശ്ചാത്തലത്തിലാണ് ഇന്ത്യ ഒന്നാമത് എത്തിയതെന്നായിരുന്നു ആരാധകരും കരുതിയിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മൂന്ന് ഫോര്‍മാറ്റുകളിലും ഒന്നാമത് എത്തിയതെന്ന തരത്തില്‍ കായിക പ്രേമികള്‍ ഇത് വല്ലാതെ ആഘോഷിച്ചു. എന്നാല്‍ ഈ ആവേശത്തിന് മണിക്കൂറുകള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.

ഏകദിനത്തിലും ടി-20യിലും ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാമത്. ഏകദിനത്തില്‍ 267 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ട് (266), പാക്കിസ്താന്‍ (258), ദക്ഷിണാഫ്രിക്ക (256), ന്യൂസിലന്‍ഡ് (252) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. ട്വന്റി 20-യില്‍ 114 പോയിന്റുമായാണ് ഇന്ത്യ പട്ടികയുടെ തലപ്പത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്താന്‍ എന്നീ ടീമുകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here