‘പാക് താരങ്ങളല്ല, ഇന്ത്യയുടേതാണ്, അന്താരാഷ്ട്ര താരങ്ങളായിട്ടും മതത്തിൽ ഉറച്ചുനിൽക്കുന്നു’; തിലകക്കുറി സ്വീകരിക്കാതിരുന്ന സിറാജിനെയും ഉംറാനെയും വിമർശിച്ച് ഹിന്ദുത്വവാദികൾ

0
290

ഹോട്ടൽ ജീവനക്കാർ നെറ്റിയിൽ ചാർത്താൻ ശ്രമിച്ച തിലകക്കുറി സ്വീകരിക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് സിറാജിനും ഉംറാൻ മാലിക്കിനുമെതിരെ വിമർശനവുമായി ഹിന്ദുത്വവാദികൾ. മത്സരത്തിനായി ടീമൊന്നടങ്കം ഹോട്ടലിൽ താമസിക്കാനെത്തിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായത്. ടീമംഗങ്ങൾ വരിവരിയായി ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും ജീവനക്കാർ തിലകം ചാർത്തി നൽകുന്നതുമാണ് വീഡിയോയയിലുള്ളത്. എന്നാൽ സിറാജ് കയറിവന്നപ്പോൾ തിലകം സ്വീകരിക്കാതെ പോകുകയായിരുന്നു. പിന്നീട് വന്ന ഉംറാനും തിലകക്കുറി സ്വീകരിച്ചില്ല. ഇതോടെയാണ് ഹിന്ദുത്വവാദികൾ ഇരുതാരങ്ങളെയും തിരഞ്ഞുപിടിച്ച് ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചത്. എന്നാൽ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും മറ്റൊരു സപ്പോട്ടിംഗ് സ്റ്റാഫായ ഹരിപ്രസാദ് മോഹനും തിലകം അണിയാൻ വിസമ്മതിച്ചിരുന്നു. ഇവരെ ഹിന്ദുത്വവാദികൾ വിമർശിക്കുന്നില്ല.

സുദർശൻ ന്യൂസ് ടിവി ചീഫ് മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ സുരേഷ് ചാവങ്കെയടക്കമുള്ളവരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ‘മുഹമ്മദ് സിറാജിനും ഉംറാൻ മാലിക്കും സ്വീകരണത്തിൽ നെറ്റിയിൽ തിലകം ചാർത്തിയില്ല. പാക്കിസ്ഥാന്റെയല്ല, ഇന്ത്യൻ ടീമിന്റെ കളിക്കാരനാണ്. അന്താരാഷ്ട്ര ക്രിക്കറ്ററായതിനു ശേഷവും അദ്ദേഹം തന്റെ മതത്തിൽ ഉറച്ചുനിൽക്കുന്നു. ഉണരൂ’ വീഡിയോ സഹിതം സുരേഷ് ട്വിറ്ററിൽ കുറിച്ചു.

അവർ ഈ നിലയിലെത്തിയിട്ടും മതഭ്രാന്തരാണെന്ന് ബിജെപി പ്രവർത്തകനാണെന്ന് അവകാശപ്പെട്ട അരുൺ യാദവ് കുറിച്ചു. ഇന്ത്യൻ സംസ്‌കാര പ്രകാരം തിലകം ചാർത്താൻ സിറാജും ഉംറാനും വിസമ്മതിച്ചുവെന്ന് ചിലർ കുറ്റപ്പെടുത്തി. ഹിന്ദുത്വ അക്കൗണ്ടുകൾ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

എന്നാൽ തിലകം അണിയുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. വിക്രം റാത്തോഡും ഹരിയും തിലകമണിയാത്തത് ഉയർത്തിക്കാട്ടേണ്ടതില്ലെന്നും അതല്ലാതെ തന്നെ സിറാജിനും ഉംറാനും തിലകക്കുറിയണിയാതെ മാറിനിൽക്കാൻ അവകാശമുണ്ടെന്നും വിശേഷ് റോയി ട്വിറ്ററിൽ എഴുതി. ഷാരൂഖ് ഖാനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ഇപ്പോൾ ഉംറാനും സിറാജിനുമെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ഒരാൾ വിമർശിച്ചു.

 

അതിനിടെ ഉംറാൻ മുമ്പ് തിലകമണിഞ്ഞ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മുമ്പ് ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ഏകദിനത്തിന് മുന്നോടിയായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ക്രിക്കറ്റർമാരിൽ നിരവധി പേർ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങളും മുമ്പ് വൈറലായിരുന്നു.

ഫെബ്രുവരി ഒമ്പത് മുതൽ 13 വരെയായി ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ഈ പരമ്പരക്കുള്ള ടീമിൽ സിറാജുണ്ടെങ്കിലും ഉംറാനില്ല. മുമ്പ് നടന്ന പരമ്പരക്കിടെയുള്ളതാണ് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോതെന്നാണ് വാർത്തകളിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here