കാപ്പിയില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമോ? അറിയാം…

0
185

രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ അകത്താക്കിയ ശേഷം മാത്രം ദിവസത്തിലേക്ക് കടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം സൂചിപ്പിക്കുന്നത്.

രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം/ വെള്ളം ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഉചിതം. ചായയോ കാപ്പിയോ ഭക്ഷണത്തിന് ശേഷം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ചായയും കാപ്പിയും ദിവസത്തില്‍ പിന്നീട് പലപ്പോഴായി നാം കഴിക്കാറുണ്ട്. പ്രധാനമായും ജോലിക്ക് ഇടയില്‍ വിരസത മാറ്റാനോ, ഊര്‍ജ്ജം വീണ്ടെടുക്കാനോ, ഉറക്കക്ഷീണം മറികടക്കാനോ എല്ലാമാണ് അധികപേരും കാപ്പിയെയും ചായയെയും ആശ്രയിക്കുന്നത്. ഇതിനെല്ലാം കൂടുതലായി യോജിക്കുക കാപ്പി തന്നെയാണ്.

എന്നാല്‍ കാപ്പി കഴിക്കുമ്പോള്‍ അത് പാലൊഴിച്ചതാണെങ്കില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വാദിക്കുന്നവരേറെയാണ്. പാല്‍ – അലര്‍ജിയുള്ളവരെ സംബന്ധിച്ച് തീര്‍ച്ചയായും അതുപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. അതേസമയം അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ക്ക് കാപ്പി കഴിക്കുമ്പോള്‍ അതില്‍ പാല്‍ ചേര്‍ക്കുന്നത് തന്നെയാണ് ഗുണകരമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.

ഡെന്മാര്‍ക്കില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് രസകരമായ, ഡയറ്റുമായി ബന്ധപ്പെട്ട ഈ പഠനം നടത്തിയത്. ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

കാപ്പിക്ക് ചില ആരോഗ്യഗുണങ്ങളുണ്ട്. കാപ്പിയിലടങ്ങിയിട്ടുള്ള ‘പോളിഫിനോള്‍’ എന്ന ആന്‍റി-ഓക്സിഡന്‍റ് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമെല്ലാം സഹായിക്കുന്നു. അതുപോലെ ശരീരത്തെ പലരീതിയില്‍ മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെ സഹായകമാണ്.

ഇതിനൊപ്പം പ്രോട്ടീനിനാലും കാത്സ്യത്താലും മറ്റ് ധാതുക്കളാലുമെല്ലാം സമ്പന്നമായ പാല്‍ കൂടി ചേരുമ്പോള്‍ അത് ആരോഗ്യത്തിന് നല്ലതായിട്ടാണ് വരുന്നതെന്നാണ് പഠനം വിശദീകരിക്കുന്നത്.

ഈ കണ്ടെത്തലിലേക്ക് എത്താൻ തങ്ങള്‍ നടത്തിയ പരീക്ഷണത്തെ കുറിച്ചും ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്. അതായത്, പല ആരോഗ്യപ്രശ്നങ്ങളും ഉള്ളവര്‍ക്ക് കാപ്പി പാല്‍ ചേര്‍ക്കാതെയും ചേര്‍ത്തും, കാപ്പിയേ നല്‍കാതെയുമെല്ലാം വരുന്ന മാറ്റങ്ങളെയാണത്രേ ഇവര്‍ പഠനവിധേയമാക്കിയത്. എങ്കിലും ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഈ പഠനങ്ങളെല്ലാം തന്നെ ശ്രദ്ധേയമായ മാറ്റങ്ങളായിരിക്കും ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൊണ്ടുവരികയെന്നും ഗവേഷകര്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here