മെസിയും നെയ്മറും എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

0
130

പാരീസ്: ഫ്രഞ്ച് ലീഗിൽ പി എസ്‌ ജിക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഗോളടിക്കാന്‍ മറന്ന പി എസ് ജി റെന്നസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. രണ്ടാം പകുതിയില്‍ നായകന്‍ ഹമാരി ട്രറോര്‍ നേടിയ ഗോളാണ് റെന്നസിന് ജയമൊരുക്കിയത്.

എംബാപ്പെക്ക് പകരം ഹ്യൂഗോ എക്കിറ്റിക്കെ ആണ് പി എസ് ജിയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മെസിക്കും നെയ്മര്‍ക്കുമൊപ്പം ഇറങ്ങിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായാണ് എംബാപ്പെ ഇറങ്ങിയത്. മെസി നല്‍കിയ ത്രൂ പാസില്‍ സമനില ഗോളിനായി എംബാപ്പെക്ക് സുവര്‍ണാവരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ എംബാപ്പെ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി.

മെസിയും നെയ്മറും എംബാപ്പെയുമുണ്ടായിട്ടും ലക്ഷ്യത്തിലേക്ക് പി എസ് ജി ആദ്യ ഷോട്ട് പായിച്ചത് 81-ാം മിനിറ്റിലായിരുന്നു. മത്സരത്തില്‍ 65 ശതമാനം പന്തവകാശമുണ്ടായിട്ടും പി എസ് ജി ഒരേയൊരു ഷോട്ട് മാത്രം ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ റെന്നെസ് ആറ് ഷോട്ടുകള്‍ പായിച്ചു. സീസണില്‍ ഈ വര്‍ഷം കളിച്ച മൂന്ന് മത്സരങ്ങളില്‍ പി എസ് ജി നേരിടുന്ന രണ്ടാം തോല്‍വിയാണിത്. നേരത്തെ പുതുവര്‍ഷത്തില്‍ മെസിയില്ലാതെ ഇറങ്ങിയ മത്സരത്തില്‍ പി എസ് ജി തോല്‍വി വഴങ്ങിയിരുന്നു.

തോല്‍വിയോടെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലെന്‍സുമായുള്ള പി എസ് ജിയുടെ അകലം വെറും മൂന്ന് പോയന്‍റായി. 19 കളികളില്‍ പി എസ് ജിക്ക് 47 പോയന്‍റുള്ളപ്പോള്‍ ലെന്‍സിന് 19 കളികളില്‍ 44 പോയന്‍റുണ്ട്. മത്സരത്തില്‍ പി എസ് ജിക്കായി അരങ്ങേറ്റം കുറിച്ച വാറെന്‍ സെയ്റെ എമെറി ലീഗ് വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 16 വയസും 313 ദിവസുമാണ് പി എസ് ജി കുപ്പായത്തിലിറങ്ങിയ എമെറിയുടെ പ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here