ആവി പിടിക്കുന്നത് കൊണ്ട് ചുമയും ജലദോഷവും മാറുമോ?

0
237

മഞ്ഞുകാലം എപ്പോഴും അണുബാധകളുടെ കാലം കൂടിയാണ്. പ്രധാനമായും ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങളാണ് മിക്കവരെയും അലട്ടുക. പലരിലും ഇത് ദീര്‍ഘനാളത്തേക്ക് നീണ്ടുനില്‍ക്കുകയും ചെയ്യും. 

രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയോ ജലദോഷമോ തീര്‍ച്ചയായും പരിശോധിക്കുന്നതാണ് ഉചിതം. പരിശോധനയില്‍ സാധാരണഗതിയിലുള്ള അണുബാധയാണെന്ന് കണ്ടെത്തിയാല്‍ ദിവസവും ചില കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കാം. ഇതിലൂടെ വലിയൊരു പരിധി വരെ വിട്ടുമാറാത്ത ചുമയില്‍ നിന്നും ജലദോഷത്തില്‍ നിന്നും രക്ഷ നേടാൻ സാധിക്കും.

ആക്ടീവ്’ ആകാം…

ഒട്ടും കായികധ്വാനമില്ലാതെ തുടരുന്നവരില്‍ അണുബാധകള്‍ കൂടുതല്‍ സമയത്തേക്ക് നീണ്ടുനില്‍ക്കുന്നതായി കാണാം. അതിനാല്‍ തന്നെ ശാരീരികാധ്വാനം ദിവസവും ഉറപ്പാക്കണം. ഇത്തരത്തിലുള്ള ജോലികള്‍ ചെയ്യാത്തവരാണെങ്കില്‍ വ്യായാമം, നടത്തം, നീന്തം, ഓട്ടം പോലെ എന്തെങ്കിലും കാര്യങ്ങളില്‍ മുഴുകാം. പ്രത്യേകിച്ച് മഞ്ഞുകാലത്ത് ഇത് നിര്‍ബന്ധമാണ്. 

ആവി പിടിക്കാം…

തണുപ്പുകാലത്ത് അണുബാധകളൊഴിവാക്കുന്നതിന് ഇടയ്ക്ക് ആവി പിടിക്കാം. ഇത് ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നത് തടയാൻ ഉപകരിക്കും. അലര്‍ജിയുള്ളവര്‍ തീര്‍ച്ചയായും ആവി പിടിക്കുന്നത് ശീലമാക്കണം. ആവി പിടിക്കുമ്പോള്‍ ഇതില്‍ വിക്സ് പോലുള്ള ഒന്നും ചേര്‍ക്കണമെന്നില്ല. പകരം തുളസിയില ചേര്‍ക്കുന്നത് നല്ലതാണ്. ജലദോഷവും ചുമയും പിടിപെട്ടതിന് ശേഷം ദിവസത്തിൽ പല തവണ ആവി പിടിക്കുന്നതും ഏറെ ആശ്വാസം നൽകും.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്…

തണുപ്പുകാലത്തെ അണുബാധകളെ പ്രതിരോധിക്കാൻ ഡയറ്റില്‍ കൂടുതലായി ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്‍ക്കൊള്ളിക്കാം. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ് ഏറ്റവും നല്ലത്. 

കൈകള്‍ വൃത്തിയാക്കാം…

മഞ്ഞുകാലത്ത് അണുബാധകള്‍ വരുന്നതിന് ശുചിത്വത്തിനും നല്ലൊരു പങ്കുണ്ട്. അതിനാല്‍ വ്യക്തിശുചിത്വം എപ്പോഴും പാലിക്കുക. പുറത്തുപോയി വന്നാല്‍ നിര്‍ബന്ധമായും കൈകള്‍ വൃത്തിയായി കഴുകുക. കഴിയുമെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗവും പതിവാക്കാം. 

പുകവലി

പുകവലി പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നൊരു ദുശ്ശീലമാണ്. പ്രത്യേകിച്ച് വിട്ടുമാറാത്ത ചുമ,ശ്വാസകോശത്തില്‍ അണുബാധ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാമാണ് പുകവലി അധികപേരിലുമുണ്ടാക്കുക. അതിനാല്‍ ഇത്തരം അസുഖങ്ങള്‍ പതിവാകുന്ന മഞ്ഞുകാലം പോലുള്ള സീസണുകളില്‍ പുകവലി പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് ഉചിതം. 

മദ്യപാനം

പുകവലിക്കൊപ്പം തന്നെ മദ്യപാനവും വലിയ രീതിയില്‍ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. കാരണം ഇതും അണുബാധകളെ വലിച്ചടുപ്പിക്കാനേ ഉപകരിക്കൂ. മദ്യപാനശീലമുണ്ടാക്കുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ…

വെയിലേല്‍ക്കുന്നത്

മഞ്ഞുകാലത്ത് പൊതുവെ സൂര്യപ്രകാശം താരതമ്യേന കുറവായിരിക്കും. ഇത്തരത്തില്‍ സൂര്യപ്രകാശമേല്‍ക്കുന്നത് കുറയുമ്പോള്‍ അതും അണുബാധകള്‍ക്ക് അനുകൂലസാഹചര്യമുണ്ടാക്കുന്നു. ഇക്കാരണത്താല്‍ തണുപ്പുകാലത്ത് അല്‍പനേരം സൂര്യപ്രകാശമേല്‍ക്കുന്നതിന് ശ്രമിക്കുക. കഴിവതും രാവിലെ എഴുന്നേറ്റ് നടക്കുകയോ, ഓടുകയോ അല്ലെങ്കില്‍ പൂന്തോട്ട പരിപാലനം പോലുള്ള പുറമെയുള്ള ജോലികളില്‍ മുഴുകുകയോ ചെയ്യാം. അതുമല്ലെങ്കില്‍ വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് സൂര്യനമസ്കാരം- യോഗ എന്നിവയെല്ലാം ചെയ്യാം. 

LEAVE A REPLY

Please enter your comment!
Please enter your name here