വാഹനാപകട കേസുകള്‍ക്ക് പൊലീസ്‌ സ്‌റ്റേഷനുകളിൽ പ്രത്യേകം യൂണിറ്റുകള്‍, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

0
162

രാജ്യത്തെ വാഹനാപകട കേസുകളുടെ അതിവേഗ പരിഹാരത്തിന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. വാഹനാപകടങ്ങളിൽ എഫ്‌ഐആർ ഉടൻ രജിസ്‌റ്റർ ചെയ്‌ത്‌ പ്രഥമ അപകട റിപ്പോർട്ട്‌ 48 മണിക്കൂറിനകം നഷ്‍ടപരിഹാര ട്രിബ്യൂണലിന്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന്‌ മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഇവിടെ വേണമെന്നും ജസ്‌റ്റിസുമാരായ എസ്‌ അബ്‍ദുൾ നസീർ, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഡിവിഷൻബൈഞ്ച്‌ നിർദേശിച്ചു.

അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ കിട്ടിയാല്‍ ഉടൻ നഷ്‍ടപരിഹാര ട്രിബ്യൂണൽ കേസ്‌ രജിസ്‌റ്റർ ചെയ്യണം. തുടർന്ന്‌ ഇടക്കാല റിപ്പോർട്ട്‌, വിശദമായ റിപ്പോർട്ട്‌ എന്നിവയും ഇതോടൊപ്പം ചേർക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടികൾ, അപകടത്തിന്റെ ഇരകൾ, അവരുടെ നിയമപരമായ പ്രതിനിധികൾ, ഡ്രൈവർ, ഉടമ, ഇൻഷുറൻസ്‌ കമ്പനി, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരെ അറിയിക്കണം.

ഓരോ ട്രിബ്യൂണലിന്‍റെയും പരിധിയിൽ വരുന്ന പൊലീസ്‌ സ്‌റ്റേഷനുകളുടെ വിവരം ഹൈക്കോടതി രജിസ്‌ട്രാർ ജനറലിനെ അറിയിക്കണം. ട്രിബ്യൂണൽ നിശ്‌ചയിക്കുന്ന നഷ്‍ടപരിഹാരം തൃപ്‌തികരമല്ലെങ്കിൽ അത്‌ വർധിപ്പിക്കാൻ തെളിവ്‌ സഹിതം ആവശ്യപ്പെടാൻ ഇരകൾക്ക്‌ സമയം നൽകണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന അധികൃതർ സാങ്കേതിക ഏജൻസിയുടെ സഹായത്തോടെ വെബ്‌ പോർട്ടൽ സ്ഥാപിക്കണം എന്നും കോടതി നിർദേശിച്ചു.

വാഹനാപകടക്കേസുകളില്‍ നഷ്‍ടപരിഹാരം ലഭിക്കാന്‍ പൊലീസ് സ്റ്റേഷനും ട്രൈബ്യൂണലും കോടതിയും കയറിയിറങ്ങുന്നവര്‍ക്ക് ആശ്വാസമാണ് പുതിയ കോടതി ഉത്തരവ്. ക്ലെയിമുകള്‍ നിശ്ചിതസമയത്തിനകം തീര്‍പ്പാക്കാനാണ് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത്. അപകടമുണ്ടായാല്‍ പൊലീസും ഇന്‍ഷുറന്‍സ് കമ്പനികളും നഷ്ടപരിഹാര ട്രൈബ്യൂണലുകളും ചെയ്യേണ്ട കാര്യങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിടിച്ച് യുവാവ് മരിച്ച കേസില്‍ ട്രൈബ്യൂണല്‍ വിധിക്കെതിരെ കോര്‍പറേഷന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് നടപടി. വാഹനാപകടം സംഭവിക്കുന്നതുമുതല്‍ ഉണ്ടാകേണ്ട നടപടികളും ഇടപെടലുകളുമാണ് മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നത്.

കോടതി മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) ക്ലെയിം ഹർജി അനുവദിക്കുകയും റോഡപകടത്തിൽ മരിച്ച 24 കാരന്‍റെ കുടുംബത്തിന് അനുകൂലമായി 31,90,000 രൂപ നഷ്ടപരിഹാരം നൽകാൻ നിര്‍ദ്ദേശിക്കുകയും ചെയ്‍തു.  ഫാക്ടറിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഉത്തർപ്രദേശിലെ സൻവാലി ഗ്രാമത്തിന് സമീപം ബൈപ്പാസ് റോഡിൽ വെച്ചാണ് ഇരയുടെ കാറില്‍ ബസ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

മോട്ടോര്‍വാഹനനിയമത്തിലും ചട്ടത്തിലുമുള്ള കാര്യങ്ങള്‍ തന്നെയാണ് സുപ്രീംകോടതി വ്യക്തതയോടെ വീണ്ടും ആവര്‍ത്തിച്ച് വിധിയുടെ ഭാഗമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നടപ്പാക്കുന്നതില്‍ ഇനി വീഴ്‍ച വരുത്തിയാല്‍ ചുമതലപ്പെട്ടവര്‍ക്ക് കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരും എന്നതാണഅ ശ്രദ്ധേയം. മോട്ടോര്‍വാഹന നിയമം ഫലപ്രദമായി നടപ്പാക്കിയാല്‍ത്തന്നെ അപകടങ്ങളുടെ എണ്ണം കുറയുമെന്ന മറ്റൊരു വശം കൂടി ഇതിനുണ്ട്. ഇതാ ഈ മാര്‍ഗരേഖയിലെ ചില സുപ്രധാന കാര്യങ്ങള്‍ അറിയാം

  • വാഹനാപകടം നടന്നതായി വിവരം ലഭിച്ചാല്‍ ഉടന്‍ ഏത് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണോ അപകടം നടന്നത് അവിടത്തെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന്റെ 159–ാം വകുപ്പനുസരിച്ച ഉടന്‍ നടപടി ആരംഭിക്കണം.
  • എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ 48 മണിക്കൂറിനകം വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ ഫസ്റ്റ് ആക്സിഡന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇടക്കാല ആക്സിഡന്റ് റിപ്പോര്‍ട്ടും വിശദമായ ആക്സിഡന്റ് റിപ്പോര്‍ട്ടും നിശ്ചിത സമയത്തിനകം സമര്‍പ്പിക്കണം. ഇടക്കാല റിപ്പോര്‍ട്ടിന് 50 ദിവസവും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 90 ദിവസവുമാണ് ചട്ടത്തില്‍ പറയുന്ന സമയപരിധി. 
  • അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷന്‍, ഡ്രൈവ് ചെയ്തയാളുടെ ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ ഫിറ്റ്നസ്, പെര്‍മിറ്റ്, അവശ്യം വേണ്ട മറ്റ് രേഖകള്‍ എന്നിവ പരിശോധിക്കേണ്ട ഉത്തരവാദിത്തം മോട്ടോര്‍വാഹന വകുപ്പിലെ രജിസ്റ്ററിങ് ഓഫിസര്‍ക്കാണ്. ഇതുസംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥനുമായി സഹകരിച്ച് ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കണം. 
  • മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന പ്രകാരം രേഖകളുടെ ഫ്ലോ ചാര്‍ട്ട് പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ തയാറാക്കണം. അപകടത്തിനിരയായവര്‍ അല്ലെങ്കില്‍ അവരുടെ നിയമപരമായ പ്രതിനിധി, ഡ്രൈവര്‍, വാഹനത്തിന്റെ ഉടമ, ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെയും ബന്ധപ്പെട്ട മറ്റുള്ളവരെയും മോട്ടോര്‍വാഹന ചട്ടപ്രകാരം സ്വീകരിച്ച നടപടികളുടെ വിവരം അന്വേഷണ ഉദ്യോഗസ്ഥൻ 10 ദിവസത്തിനകം അറിയക്കണം. ട്രൈബ്യൂണല്‍ നിശ്ചയിക്കുന്ന ദിവസം സാക്ഷികളെ ഹാജരാക്കേണ്ട ചുമതലയും അന്വേഷണ ഉദ്യോഗസ്ഥനാണ്. 
  • ഫസ്റ്റ് ആക്സിഡന്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത‌ടക്കമുള്ള നടപടികള്‍ക്ക് പൊലീസ് സ്റ്റേഷനുകളെ അതത് ക്ലെയിംസ് ട്രൈബ്യൂണലുകളില്‍ അറ്റാച്ച് ചെയ്യേണ്ടതുണ്ട്. ഇതിനായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍മാര്‍ പൊലീസ് സ്റ്റേഷനുകളെ ക്ലെയിംസ് ട്രൈബ്യൂണലുകളുമായി ബന്ധപ്പെടുത്തുന്ന ഡിസ്ട്രിബ്യൂഷന്‍ മെമോകള്‍ യഥാസമയം പുറപ്പെടുവിക്കണം.
  • മോ‌ട്ടോര്‍ വാഹനാപകട കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരിശീലനം സിദ്ധിച്ച പൊലീസുകാര്‍ ഉണ്ടാകണം. ഇതിനായി പൊലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലോ ടൗണ്‍ അടിസ്ഥാനത്തിലോ സ്പെഷലൈസ്ഡ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും ‍ഡിജിപിമാര്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. മൂന്നുമാസത്തിനകം ഇത് നടപ്പാക്കണം.
  • പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രാഥമിക അപകട വിവര റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ അത് മിസലേനിയസ് ആപ്ലിക്കേഷന്‍സ് എന്ന വിഭാഗത്തില്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ലഭിക്കുന്ന ഇടക്കാലറിപ്പോര്‍ട്ടും അന്തിമറിപ്പോര്‍ട്ടും ഇതിനൊപ്പം അറ്റാച്ച് ചെയ്യണം. 
  • മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ സെക്ഷന്‍ 149 നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചട്ടം 24 അനുസരിച്ച് നോഡല്‍ ഓഫിസറെയും ചട്ടം 23 പ്രകാരം ഡെസിഗ്നേറ്റഡ് ഓഫിസറെയും ഉടന്‍ നിശ്ചയിക്കണം. ഇക്കാര്യങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫിസുകളിലും അറിയിക്കണം.
  • ഇന്‍ഷുറന്‍സ് കമ്പനി നിയോഗിച്ചിട്ടുള്ള ഓഫിസര്‍ മുന്നോട്ടുവയ്ക്കുന്ന നഷ്ടപരിഹാര നിര്‍ദേശം ക്ലെയിംസ് ട്രൈബ്യൂണലുകള്‍ പരിശോധിക്കണം. ന്യായവും നീതിയുക്തവുമായ നഷ്ടപരിഹാരം നല്‍കുകയായിരിക്കണം ലക്ഷ്യം. ക്ലെയിം ആവശ്യപ്പെടുന്നയാള്‍ സമ്മതിച്ചാല്‍ സെക്ഷന്‍ 149 (2) പ്രകാരം സെറ്റില്‍മെന്റ് റെക്കോര്‍ഡ് ചെയ്യണം. നഷ്ടപരിഹാരം ആവശ്യപ്പെടുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നിര്‍ദേശിച്ച തുക സമ്മതമല്ലെങ്കില്‍ രേഖകളും തെളിവുകളും ഹാജരാക്കാന്‍ അവസരം നല്‍കി വാദം കേള്‍ക്കണം. സെറ്റില്‍മെന്റ് തുക വര്‍ധിപ്പിക്കാന്‍ മാത്രമായിരിക്കും ഈ നടപടി. കമ്പനി വാഗ്ദാനം ചെയ്ത തുകയില്‍ നിന്ന് ക്ലെയിം കുറയില്ല.
  • അപകടത്തില്‍ മരണപ്പെടുന്നയാളുടെ ബന്ധുക്കളോ നിയമപരമായ അവകാശികളോ വ്യത്യസ്ത ഹൈക്കോടതികളുടെ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ ക്ലെയിം അപേക്ഷ നല്‍കിയാല്‍ ആദ്യത്തെ അപേക്ഷ ലഭിക്കുന്ന ട്രൈബ്യൂണലിലായിരിക്കും കേസ് തീര്‍പ്പാക്കുക. പിന്നീട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഈ ട്രൈബ്യൂണലിലേക്ക് മാറ്റും. ഇതിനായി പ്രത്യേകം കോടതികളെ സമീപിക്കേണ്ടതില്ല
  • 164, 166 വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ക്ലെയിം ചെയ്യാനാണ് വാദി ആഗ്രഹിക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നോഡല്‍ ഓഫിസറെയോ ഡെസിഗ്നേറ്റഡ് ഓഫിസറെയോ ക്ലെയിംസ് പെറ്റീഷനില്‍ എതിര്‍കക്ഷിയായി ഉള്‍പ്പെടുത്തണം. 
  • ഇന്‍ഷുറന്‍സ് കമ്പനിയാണ് തുകയെ എതിര്‍ക്കുന്നതെങ്കില്‍ ട്രൈബ്യൂണല്‍ ലോക്കല്‍ കമ്മിഷണര്‍ വഴി തെളിവ് രേഖപ്പെടുത്തണം. കമ്മിഷണര്‍ക്കുള്ള പ്രതിഫലവും മറ്റ് ചെലവുകളും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കണം.
  • മോട്ടോര്‍വാഹന അപകട ക്ലെയിമുകള്‍ യഥാസമയം തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ വെബ് പോര്‍ട്ടലോ വെബ് പ്ലാറ്റ്ഫോമോ സജ്ജമാക്കണം

LEAVE A REPLY

Please enter your comment!
Please enter your name here