പെട്രോൾ, ഡീസൽ വില അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കും

0
444

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില അടുത്ത ആഴ്ച്ച കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുന്നതാണ് വിലയില്‍ കുറവ് വരുത്താന്‍ കാരണം. കഴിഞ്ഞ ജനുവരി മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന നിലയിലാണ്. ഇത് ഇപ്പോള്‍ 81 ഡോളറായി കുറഞ്ഞിരിയ്ക്കുകയാണ്. യുഎസ് ക്രൂഡ് ബാരലിന് 74 ഡോളറിനടുത്താണ്. അതിനാല്‍ ഈ നേട്ടം ഇനി സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് കഴിഞ്ഞ ദിവസം മധ്യമങ്ങളെ അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിനു ശേഷം ഇന്ധനവില കുറഞ്ഞിട്ടില്ല. അതായത്, മെയ് മാസത്തിനു ശേഷം ആദ്യമായാണ് ഇന്ധനവില കുറയുക.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ ഗണ്യമായ ഇടിവ് ഇന്ത്യന്‍ റിഫൈനറികളുടെ ശരാശരി ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറായി താഴ്ത്തി. മാര്‍ച്ചില്‍ ഇത് 112.8 ഡോളറായിരുന്നു. ഇത് പ്രകാരം 8 മാസത്തിനുള്ളില്‍ റിഫൈനിംഗ് കമ്പനികള്‍ക്ക് ക്രൂഡ് ഓയില്‍ വിലയില്‍ 31 ഡോളര്‍ (27%) കുറവാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ എണ്ണക്കമ്പനികള്‍ ക്രൂഡ് ഓയില്‍ ഓരോ ഡോളറിന്റെ ഇടിവിലും ശുദ്ധീകരിക്കുമ്പോള്‍ ലിറ്ററിന് 45 പൈസയാണ് ലാഭിക്കുന്നത്. ഇതനുസരിച്ച് പെട്രോള്‍-ഡീസല്‍ വിലയില്‍ ലിറ്ററിന് 14 രൂപയായിരിക്കും കുറവ് വരിക. എന്നാല്‍, ഇത്രയും തുക കേന്ദ്രം ഒറ്റയടിക്ക് കുറയ്ക്കാന്‍ തയാറാവുകയില്ലെന്നും ചിലര്‍ പറയുന്നു. ഘട്ടംഘട്ടമായുള്ള കുറവുകള്‍ അടുത്ത ആഴ്ച്ച മുതല്‍ നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുള്ളത്.

നവംബറില്‍ മാത്രം ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 7 ശതമാനം ഇടിവുണ്ടായി. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2022 മെയ് മാസത്തില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here