ബേക്കല്‍ ഫെസ്റ്റിന് എത്തിയത് 4 ലക്ഷത്തിലേറെ പേര്‍

0
172

ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തതോടെ അടുത്ത വര്‍ഷവും ഫെസ്റ്റ് തുടര്‍ന്ന് കൊണ്ടു പോകാന്‍ ശ്രമിക്കുമെന്ന് ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ചെയര്‍മാനും ഉദുമ എം.എല്‍.എയുമായ സി.എച്ച്. കുഞ്ഞമ്പു പത്രസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം മന്ത്രിയും ഇത്തരമൊരു നിര്‍ദ്ദേശം വെച്ച സാഹചര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ ബീച്ച് ഫെസ്റ്റിവല്‍ സ്ഥിരം സംവിധാനമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് ദിവസം പിന്നിടുമ്പോള്‍ ബീച്ച് ഫെസ്റ്റിവലിന് നാല് ലക്ഷത്തിലേറെ പേര്‍ എത്തിയതായും അദ്ദേഹം പറഞ്ഞു.

സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ജനങ്ങള്‍ ഒഴുകിയെത്തുന്നത്. ഇത് ജനകീയ കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പുതുവത്സര ദിനത്തിന്റെ തലേന്നാളായ ഇന്ന് രാത്രി മ്യൂസിക് നൈറ്റ് ഉണ്ടാവും. പിന്നണി ഗായകന്‍ വിധു പ്രതാപ്, അലോഷി എന്നിവര്‍ പങ്കെടുക്കും. ഇന്ന് കലാപരിപാടികള്‍ 12 മണി വരെ നീളും. തുടര്‍ന്ന് വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്.നാളെ രാത്രി മുഹമ്മദ് റാഫി മ്യൂസിക് നൈറ്റ് അരങ്ങേറും. ഗായകന്‍ മുഹമ്മദ് അസ്ലമാണ് അവതരിപ്പിക്കുന്നത്. സമാപന ദിവസമായ രണ്ടിന് കീബോര്‍ഡിലെ വിസ്മയം സ്റ്റീഫന്‍ ദേവസിയും സംഘവും മെഗാ ലൈവ് ബാന്‍ഡ് അവതരിപ്പിക്കും.

ഇന്നലെയും പതിനായിരങ്ങളാണ് ഫെസ്റ്റിവല്‍ നഗരിയിലേക്ക് ഒഴുകിയെത്തിയത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹ്‌നയും സംഘവും കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇതോടൊപ്പം വിനോദ് കോവൂറും സുരഭിയും നേതൃത്വം നല്‍കിയ കോമഡി ഷോയും ഉണ്ടായി.

ബി.ആര്‍.ഡി.സി എം.ഡി പി. ഷിജിന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹക്കീം കുന്നില്‍, പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here