ഋഷഭ് പന്തിനെ രക്ഷിച്ചില്ല; പണമടങ്ങിയ ബാഗുമായി ഒരു സംഘം രക്ഷപ്പെട്ടു-വെളിപ്പെടുത്തൽ

0
229

ഡെറാഡൂൺ: വാഹനാപകടത്തിൽപ്പട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിക്കുന്നതിനു പകരം ഒരു സംഘം പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ദൈനിക് ജാ​ഗരൻ എന്ന ഹിന്ദി മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപോയതാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് പൊലീസ് അറിയിച്ചു.

അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു.തീ പടര്‍ന്നതിനെ തുടര്‍ന്ന് കാറിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചെങ്കിലും ആദ്യം സാധിച്ചില്ല. തുടർന്ന് വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്താണ് ഋഷഭ് പുറത്തുകടന്നത്. ആ സമയത്താണ് ഈ സംഘം കാറിലുണ്ടായിരുന്ന പണമടങ്ങിയ ബാ​ഗ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

അപകടത്തിൽപ്പെട്ട ഋഷഭ് തന്നെയാണ് പൊലീസിനെയും ആംബുലൻസിനെയും മറ്റും വിളിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അപകട സമയത്ത് ഓടിയെത്തിയ ഒരു ബസ് ഡ്രൈവറാണ് ഋഷഭിനെ രക്ഷിക്കാൻ ശ്രമിച്ചത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കീക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ അമിത വേഗത്തില്‍ എത്തിയ കാര്‍ അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തിട്ടുണ്ട്. ഋഷഭ് പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും, വലതു കാല്‍മുട്ടിലെ ലിഗമെന്റിന് കീറലും സംഭവിച്ചു. കൂടാതെ കാല്‍വിരലുകള്‍ക്കും പുറകിലും പരുക്കുകളുണ്ട് എന്ന് ബിസിസിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here