കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; കണ്ണിൽ മുളകുപൊടി എറിഞ്ഞ്, യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

0
120

ബം​ഗളൂരു: കർണാടയിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ബാ​ഗൽകോട്ട് ജില്ലയിൽ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് വെളിപ്പെടുത്തൽ. സംഭവത്തിലെ മുഖ്യപ്രതി തമ്മന ഗൗഡയെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 34കാരനായ ഭുജബാല കർജാ​ഗി ആണ് കൊല്ലപ്പെട്ടത്. ബാ​ഗൽകോട്ട ജില്ലയിലെ ജംഖണ്ഡി ന​ഗരത്തിന് സമീപത്തെ തക്കോഡ ​​ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഇയാൾ. 

റിപ്പോർട്ടുകൾ പ്രകാരം, ജൈന സമുദായത്തിൽപ്പെട്ട ഭുജബല, ക്ഷത്രിയ സമുദായത്തിൽ നിന്നുള്ള ഭാഗ്യശ്രീയുമായി ഒരു വർഷം മുമ്പ് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് ശേഷം, ദമ്പതികൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തുകയും മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുകയും ചെയ്തു. ഇതിനിടയിൽ, മിശ്രവിവാഹത്തിന്റെ പേരിൽ സമൂഹത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് മകളോടും മരുമകനോടും അഗാധമായ പക സൂക്ഷിച്ച പ്രതി തമ്മന ഗൗഡ, ഭുജബലക്കെതിരെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.

ഡിസംബർ 17 ന് ഗ്രാമത്തിനടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലൂടെ ഭുജബല കടന്നുപോകുമ്പോൾ പ്രതി കണ്ണിൽ മുളകുപൊടി എറിയുകയും വടിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഭുജബല മരണത്തിന് കീഴടങ്ങി. മറ്റ് രണ്ട് പേർ കൊലപാതകത്തിൽ പ്രതിയെ സഹായിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. കൂടാതെ, സംഭവത്തിൽ സവാലഗി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here