വിലക്കിന് പിന്നാലെ ക്ലാസ് മുറികളിൽ കരയുന്ന വിദ്യാർത്ഥിനികൾ, അഫ്​ഗാനിൽ നിന്നും നെഞ്ചുലച്ച് വീഡിയോ

0
208

കഴിഞ്ഞ ദിവസമാണ് അഫ്​ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാർ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ലോകത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇപ്പോഴിതാ ക്ലാസ് മുറിയിലിരുന്നു വിദ്യാർത്ഥിനികൾ കരയുന്നതിന്റെ ഒരു ദൃശ്യമാണ് ആളുകളെ പിടിച്ചുലയ്ക്കുന്നത്. ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ഡിസംബർ 21 -നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 23 സെക്കന്റ് നീണ്ട് നിൽക്കുന്ന വീഡിയോയിൽ ഒരു ക്ലാസ് മുറി കാണാം. അതിൽ നിറയെ വിദ്യാർത്ഥിനികളുണ്ട്. അവർ ആകെ തകർന്നവരായിട്ടാണ് കാണപ്പെടുന്നത്. പല പെൺകുട്ടികളും കരയുന്നതും വീഡിയോയിൽ കാണാം.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച സർവകാലാശാലകൾക്ക് അയച്ച കത്തിലാണ് വിദ്യാർത്ഥിനികളെ വിലക്കാനുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. പിന്നാലെ, വിദേശ സർവകലാശാലകളും ഐക്യരാഷ്ട്രസഭയും താലിബാന്റെ തീരുമാനത്തെ അപലപിച്ചു.

after Taliban bans girls students crying in class room video from Kabul

റിപ്പോർട്ടുകൾ പ്രകാരം ഉത്തരവിന് തൊട്ടുപിന്നാലെ വിദ്യാർത്ഥിനികൾ പഠിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് മുന്നിൽ ആയുധധാരികളെത്തുകയും വിദ്യാർത്ഥിനികളോട് അവിടെ നിന്നും പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ചതായുള്ള ഉത്തരവ് ഉടൻ നടപ്പിലാക്കണം എന്ന് അറിയിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം ഒപ്പിട്ട കത്ത് എല്ലാ സർക്കാർ, സ്വകാര്യ സർവ്വകലാശാലകൾക്കും നൽകിയതിന് പിന്നാലെയായിരുന്നു ഇത്.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളും സർവകലാശാല പ്രവേശന പരീക്ഷ എഴുതി വെറും മൂന്ന് മാസത്തിനുള്ളിലാണ് ഈ നിരോധനം വരുന്നത്. മിക്ക വിദ്യാർത്ഥിനികളും മെഡിസിനോ അധ്യാപനമോ പഠിക്കാൻ തെരഞ്ഞെടുക്കണം എന്ന് ആ​ഗ്രഹിക്കുന്നവരാണ്.

after Taliban bans girls students crying in class room video from Kabul

കഴിഞ്ഞ വർഷം താലിബാൻ അധികാരമേറ്റെടുക്കുമ്പോൾ പഴയ ഭരണം പോലെ ആകില്ലെന്നും സ്ത്രീകളുടെ അടക്കം അവകാശങ്ങൾ ഉറപ്പ് വരുത്തും എന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ, അന്തർദേശീയ തലത്തിൽ നിന്നാകെ ഉയര‍ുന്ന പ്രതിഷേധങ്ങളെ പോലും പൂർണമായും അവ​ഗണിച്ച് കൊണ്ട് സ്ത്രീകളെ സകല മേഖലകളിൽ നിന്നും തുടച്ച് നീക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയായിരുന്നു താലിബാൻ.

LEAVE A REPLY

Please enter your comment!
Please enter your name here