ഭാര്യയുടെ ആർ.എസ്.എസ് അറിവിനെ പുകഴ്ത്തി രവീന്ദ്ര ജഡേജ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

0
273

അഹമ്മദാബാദ്: ഭാര്യയുടെ ആർ.എസ്.എസ് അറിവിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജക്ക് ട്രോൾ മഴ. ആർ.എസ്.എസിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് രവീന്ദ്ര ജഡേജയുടെ ഭാര്യയും ബി.ജെ.പി എം.എൽ.എയുമായ റിവബ ജഡേജ നൽകുന്ന മറുപടിയുടെ വീഡിയോ ഡിസംബർ 26-നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആർ.എസ്.എസിന്റെ ദേശസ്‌നേഹം, ദേശീയത, ത്യാഗം, ഐക്യം എന്നിവയെക്കുറിച്ചെല്ലാം ആവേശത്തോടെയാണ് റിവബ വീഡിയോയിൽ സംസാരിക്കുന്നത്.

‘ആർ.എസ്.എസിനെ കുറിച്ചുള്ള താങ്കളുടെ അറിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്ത്യൻ സംസ്‌കാരവും നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന. നിങ്ങളുടെ അറിവും കഠിനാധ്വാനവുമാണ് നിങ്ങളെ വ്യത്യസ്തയാക്കുന്നത്. അത് നിലനിർത്തുക…’-രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. രാഷ്ട്രീയത്തിലിറങ്ങിയോ എന്നും ബി.സി.സി.ഐ ആർ.എസ്.എസിനും ബി.ജെ.പിക്കും മുന്നിൽ മുട്ട് മടക്കിയോ പലരും ചോദിച്ചു. ഇ.ഡിയേയും ഇൻകം ടാക്‌സിനെയും ഭയന്ന് നടൻമാരും കായിക താരങ്ങളും എല്ലാം ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു.

വിമർശനം രൂക്ഷമായതോടെ ‘ഇന്ത്യൻ’ എന്ന ക്യാപ്ഷനൊപ്പം രാജ്യത്തിന്റെ പതാകയും ചേർത്ത് നെഞ്ചിൽ കൈവെച്ചുനിൽക്കുന്ന തന്റെ ചിത്രം ജഡേജ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നാണ് റിവബ ജഡേജ ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എ ആയത്.

അതിനിടെ ജഡേജയെ പിന്തുണച്ച് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല രംഗത്തെത്തി. സത്യം പറഞ്ഞതിന് തന്റെ ഭാര്യയെ പിന്തുണച്ചത് മാത്രമാണ് രവീന്ദ്ര ജഡേജ ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അടക്കം നിരവധി കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസിനെ പുകഴ്ത്തിയിട്ടുണ്ടെന്നും പൂനവാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here