‘ലൈംഗിക സമ്മതത്തിനുള്ള പ്രായം 16 ആക്കണം’; പ്രണയ കേസുകളിലും പോക്‌സോ ചുമത്തുന്നെന്ന് കര്‍ണാടക ഹൈക്കോടതി

0
131

ബെം​ഗളൂരു: ഉഭയസമ്മതത്തോടെ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിനുളള പ്രായപരിധി 18ൽ നിന്ന് 16 ആയി ചുരുക്കണമെന്ന് നിയമ കമ്മീഷനോട് ശുപാർശ ചെയ്ത് കർണാടക ഹൈക്കോടതി. കൗമാരക്കാർക്ക് ഉഭയ സമ്മതത്തോടെയുളള ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ അനുമതിയില്ലാത്തതാണ് പോക്സോ കേസുകൾ വർധിക്കുന്നത് എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ശുപാർശ. ജസ്റ്റിസ് സൂരജ് ​ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി ബസവരാജ എന്നിവരടങ്ങിയ ധർവാഡ് ബെഞ്ചിന്റേതാണ് നിരീക്ഷണം.

‘പതിനാറ് വയസിന് മുകളിൽ പ്രായമുളള പെൺകുട്ടികൾ പ്രണയത്തിലാകുന്നതും ലൈം​ഗിക ബന്ധത്തിലേർ‌പ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ നിയമ കമ്മീഷന്റെ നിരീക്ഷണമാണ് ഞങ്ങൾ പരി​ഗണിച്ചത്. യാഥാർത്ഥ്യങ്ങള്‍ കണക്കിലെടുത്ത് പ്രായപരിധി മാറ്റുന്നതിൽ പുനർവിചിന്തനം നടത്തണം’. എന്നും കോടതി പറഞ്ഞു.

17 വയസുളള മകളെ ​അയൽവാസി ഗോവയിലേക്ക് തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 19 വയസുകാരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. 2015ലാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് സമ്മതത്തോടെയാണെന്ന് പെൺകുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞിരുന്നു.

ആരോപണ വിധേയനായ യുവാവിനെതിരെ സെക്ഷൻ 366 (സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ വിവാഹത്തിന് നിർബന്ധിക്കല്‍), 376 2(ജെ) (സമ്മതമില്ലാതെ സ്ത്രീയെ ബലാത്സംഗം ചെയ്യുക), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സെക്ഷൻ 5, 6 എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. കേസിൽ 2016ൽ യുവാവ് അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ജാമ്യം നൽകുകയും ചെയ്തിരുന്നു. യുവാവിനെതിരെയുളള തെളിവുകൾ‌ പുനഃപരിശോധിക്കാനും വിചാരണക്കോടതി വിധി പരിശോധിക്കാനും കർണാടക ഹൈക്കോടതി പ്രത്യേക സെഷൻ വിളിച്ചുചേർക്കുകയായിരുന്നു.

കേസിൽ സാക്ഷിയായ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നിരവധി പേർ കൂറുമാറിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതല്ലെന്നും ഭാര്യ പരാതി നൽകിയത് അറിഞ്ഞിരുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. യുവാവുമായി 2017ൽ തന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ടെന്നും പെൺകുട്ടി കോടതിയിൽ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോകലോ ലൈംഗികാതിക്രമമോ ഉണ്ടായിട്ടില്ല. സുഖകരമായ ജീവിതമാണ് നയിക്കുന്നതെന്നും പെൺകുട്ടി പറഞ്ഞു. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ലൈം​ഗികാതിക്രമ കുറ്റം നിയമപരമായി സ്ഥാപിക്കാൻ രേഖകളിൽ ഒന്നുമില്ലെന്നും പറഞ്ഞ് യുവാവിനെ വെറുതെ വിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here