ടി20 ലോകകപ്പ്: ‘എന്തായാലും കുറ്റിക്ക് എറിയാന്‍ ചാന്‍സ് കുറവാ’, നമീബിയക്കെതിരെ മലയാളം പറഞ്ഞ് യുഎഇ നായകന്‍

0
215

ഗീലോങ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയയെ വീഴ്ത്തി യഎഇ ചരിത്രനേട്ടം കുറിച്ചപ്പോള്‍ ബാറ്റുകൊണ്ട് തിളങ്ങിയത് യുഎഇയുടെ മലയാളി നായകന്‍ സി പി റിസ്‌വാനായിരുന്നു. വണ്‍ ഡൗണായി ക്രീസിലെത്തി ചുണ്ടാങ്ങപോയില്‍ റിസ്‌വാന്‍ എന്ന മലപ്പുറംകാരന്‍ സിപി റിസ്‌വാന്‍ 29 പന്തില്‍ 43 റണ്‍സെടുത്ത് ആദ്യ രണ്ട് മത്സരങ്ങളിലെ നിരാശ മായ്ച്ചു. രണ്ടാം വിക്കറ്റില്‍ യഎഇയുടെ ടോപ് സ്കോററായ ഓപ്പണര്‍ മുഹമ്മദ് വസീമിനൊപ്പം റിസ്‌വാന്‍ ഉയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് യുഎഇ സ്കോറിന്‍റെ നട്ടെല്ല്.

വസീം പുറത്തായശേഷം ക്രീസിലെത്തിയത് മറ്റൊരു മലയാളിയായ അലിഷാന്‍ ഷറഫു ആയിരുന്നു. എന്നാല്‍ നാലു റണ്‍സെടുത്ത് ഷറഫു പുറത്തായതോടെ പിന്നീട് ക്രീസിലെത്തിയത് ടീമിലെ മറ്റൊരു മലയാളിയായ ബേസില്‍ ഹമീദും. 14 പന്തില്‍ 25 റണ്‍സുമായി തകര്‍ത്തടിച്ച ബേസില്‍ ഹമീദും യുഎഇ സ്കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി. 29 പന്തില്‍ 43 റണ്‍സെടുത്ത റിസ്‌വാന്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയപ്പോള്‍ ബേസില്‍ ഹമീദ് രണ്ട് സിക്സും രണ്ട ഫോറും പറത്തി.

ബാറ്റിംഗിനിടെ പച്ച മലയാളികളായ ബേസിലും റിസ്‌വാനും ക്രീസില്‍ നില്‍ക്കെ നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. നമീബിയയുടെ ഡേവിഡ് വീസിനെ നേരിടാനൊരുങ്ങി നില്‍ക്കുന്ന ബേസില്‍ ഹമീദിനോട് നീ ഓന്‍റെ ഫീല്‍ഡ് നോക്ക്, എന്തായാലും അവന്‍ കുറ്റിക്ക് എറിയാന്‍ ചാന്‍സ് കുറവാ എന്ന് റിസ്‌വാന്‍ പറയുമ്പോള്‍ ആ ഓഫ് സ്റ്റംപിലാ നിക്കുന്നെ എന്ന് ബേസില്‍ മറുപടി നല്‍കുന്നുണ്ട്. റിസ്‌വാനും ബേസിലിനും പുറമെ ഒരു മലയാളി കൂടി യുഎഇ ടീമിലുണ്ട്. അവസാന ഓവറില്‍ ലോംഗ് ഓണില്‍ ഡേവിഡ് വീസിന്‍രെ നിര്‍ണായക ക്യാച്ചെടുത്ത അലിഷാന്‍ ഷറഫു ആണ് യുഎഇ ടീമിലെ മൂന്നാമത്തെ മലയാളി.

അവസാന ഓവര്‍ വരെ ആവേശം നീണ്ട പോരാട്ടത്തില്‍ ഏഴ് റണ്‍സിനായിരുന്നു യുഎഇ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ നമീബിയക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 36 പന്തില്‍ 55 റണ്‍സെടുത്ത ഡേവിഡ് വീസ് അവസാന ഓവര്‍ വരെ പോരാടിയെങ്കിലും അവസാന ഓവറില്‍ പുറത്തായത് നമീബിയക്ക് തിരിച്ചടിയായി.

യഎഇക്കെതിരെ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു നമീബിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് വസീം എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തിലും മൂന്ന് സിംഗിളുകളെടുക്കാനെ നമീബിയക്കായുള്ളു. നാലാം പന്തില്‍ സിക്സിന് ശ്രമിച്ച വീസ് ലോംഗ് ഓണില്‍ അലിഷാന്‍ ഷറഫുവിന് ക്യാച്ച് നല്‍കി മടങ്ങിയ. അവസാന രണ്ട് പന്തിലും സിംഗിളുകള്‍ മാത്രമാണ് നമീബിയക്ക് നേടാനായത്. നമീബിയ തോറ്റതോടെ എ ഗ്രൂപ്പില്‍ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സൂപ്പര്‍ 12ല്‍ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here