ഒടുവില്‍ കിങ് കോഹ്‌ലിയുടെ സെഞ്ചുറി പിറന്നു

0
183

ദുബായ്: രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (60 പന്തില്‍ പുറത്താവതെ 122). ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് കോലി ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേടിയത്. കോലിയുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ (62) മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഓപ്പണിംഗ് വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിചേര്‍ത്തു. ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലായ രാഹുല്‍ 41 പന്തിലാണ് 62 റണ്‍സെടുത്തത്. ഇതില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉണ്ടായിരുന്നു. മറുവശത്ത് കോലി തന്റെ സ്വതസിദ്ധമായ ഫോം കണ്ടെത്തി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കോലി ഓപ്പണറാവുകയായിരുന്നു. ആറ് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഇതിനിടെ മൂന്നാമാനായി ക്രീസിലെത്തിയ സൂര്യുകുമാര്‍ യാദവിന്റെ (6) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ റിഷഭ് പന്തിനൊപ്പം (16 പന്തില്‍ 20) കൂടിചേര്‍ന്ന് കോലി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 87 റണ്‍സ് കൂട്ടിചേര്‍ത്തു.

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പുറമെ യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കളിക്കുന്നില്ല. ദീപക് ചാഹര്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്‌സറും സ്റ്റാന്‍ഡ് ബൈ ബൗളറായിരുന്ന ചാഹറും ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്.

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരിം ജനാത്, റാഷിദ് ഖാന്‍, അഹ്മദുള്ള ഓമര്‍സായ്, മുജീബ് ഉര്‍ റഹ്മാന്‍, ഫരീദ് അഹമ്മദ് മാലിക്ക്, ഫസലുള്ള ഫാറൂഖി.

LEAVE A REPLY

Please enter your comment!
Please enter your name here