ഒരു പോസ്റ്റിന് ഒമ്പതു കോടി; വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം വരുമാനം അറിയാം

0
286

ട്വിറ്ററിൽ അഞ്ചു കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ടീം മുൻ നായകൻ വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ക്രിക്കറ്റ് താരവും കോഹ്‌ലി തന്നെ- 21.1 കോടി പേർ. ക്രിസ്റ്റ്യാനോ റൊണാൾഡോ (47.6 കോടി), ലയണൽ മെസ്സി (35.6 കോടി) എന്നിവരാണ് കായിക താരങ്ങളിൽ കോഹ്‌ലിക്ക് മുമ്പിലള്ളത്. ഫേസ്ബുക്കിൽ 4.9 കോടി പേരാണ് താരത്തെ പിന്തുടരുന്നത്. ആകെ സോഷ്യൽ മീഡിയാ ഫോളോവേഴ്‌സ് 31 കോടി.

സോഷ്യൽ മീഡിയയിൽ ഇത്രയും കൂടുതൽ പേർ പിന്തുടരുന്ന വിരാട് കോഹ്‌ലിക്ക് ഇവയിൽനിന്ന് എന്താണ് വരുമാനം? ഇൻസ്റ്റഗ്രാം ഷെഡ്യൂളിങ് ആൻഡ് പ്ലാനിങ് ടൂളായ ഹൂപ്പർ എച്ച്ക്യു പറയുന്നതു പ്രകാരം കോഹ്‌ലിക്ക് ഒരു സ്‌പോൺസേഡ് പോസ്റ്റിന് 1,088,000 ഡോളറാണ് (8.69 കോടി രൂപ) ലഭിക്കുന്നത്.

ഹൂപ്പർ സമ്പന്നപ്പട്ടികയിൽ 19-ാം സ്ഥാനത്താണ് കോഹ്‌ലി. പട്ടികയിലെ ആദ്യ അമ്പത് പേരിൽ കോലിയെ കൂടാതെ പ്രിയങ്കാ ചോപ്ര മാത്രമേയുള്ളൂ. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ഇവർ 403,000 ഡോളറാണ് ഫീ ഈടാക്കുന്നത്. കോഹ്‌ലിക്കും പ്രിയങ്കയ്ക്കും പ്രൊമോഷണൽ പോസ്റ്റുകളിൽനിന്ന് വൻതുക ലഭിച്ചതായി ഫോബ്‌സ് ഇന്ത്യ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. പ്രതിഫലം പറ്റുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുമ്പിൽ. ഒരു സ്‌പോൺസേഡ് പോസ്റ്റിന് ക്രിസ്റ്റിയാനോക്ക് നൽകേണ്ടത് 1,604,000 ഡോളറാണ്.

അതിനിടെ, ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തോടെ ടി20 റാങ്കിങ്ങിൽ കോഹ്‌ലി പതിനഞ്ചാം സ്ഥാനത്തെത്തി. നേരത്തെ 29-ാം സ്ഥാനത്തായിരുന്നു. യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ രണ്ടാമനായിരുന്നു കോലി. അഞ്ചു മത്സരങ്ങൾ കളിച്ച താരം 276 റൺസെടുത്തു. അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ സെഞ്ചറി നേടി. പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ ആണ് ഏഷ്യാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരം. ടി20 റാങ്കിങ്ങിലും ഒന്നാമതാണ് റിസ്വാൻ.

LEAVE A REPLY

Please enter your comment!
Please enter your name here