സവര്‍ക്കറിന്റെ പോസ്റ്റര്‍ കീറുന്ന മുസ്‌ലിമിന്റേയും കോണ്‍ഗ്രസുകാരന്റേയും കൈവെട്ടും; പ്രമോദ് മുത്തലിഖ്

0
198

ബെംഗളൂരു: സവര്‍ക്കറിന്റെ പോസ്റ്റര്‍ കീറുന്ന കോണ്‍ഗ്രസുകാരുടെയും മുസ്‌ലിങ്ങളുടേയും കൈവെട്ടുമെന്ന് ശ്രീരാമസേന മേധാവി പ്രമോദ് മുത്തലിഖ് പറഞ്ഞു.

സവര്‍ക്കര്‍ മുസ്‌ലിങ്ങള്‍ക്കെതിരെയോ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയോ പോരാടിയിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് സവര്‍ക്കര്‍ പോരാടിയതെന്നും പ്രമോദ് മുത്തലിഖ് പറഞ്ഞു.

സവര്‍ക്കര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ക്കെതിരെയും പോരാടിയിട്ടില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് അദ്ദേഹം പോരാടിയത്. ഇന്ദിരാഗാന്ധി ഒരു സ്റ്റാമ്പ് വരെ ഇറക്കി സവര്‍ക്കറിനെ ആദരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ വസ്തുതകള്‍ അറിയാതെ വിവേകശൂന്യമായ പ്രസ്താവനകള്‍ നടത്തുകയാണ്. സ്വാതന്ത്ര്യസമര സേനാനികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഞങ്ങള്‍ മിണ്ടാതെനില്‍ക്കില്ല, പ്രമോദ് പറയുന്നു.

കോണ്‍ഗ്രസ് തീവ്രവാദികളെയും അഴിമതിക്കാരേയും സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധി കുടുംബം മാത്രമാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് എന്ന മട്ടിലാണ് സിദ്ധരാമയ്യ സംസാരിച്ചത്. ഇത് വിവേകശൂന്യമായ നിലപാടാണെന്നും പ്രമോദ് മുത്തലിഖ് പറയുന്നു.

ഗാന്ധി കുടുംബാംഗങ്ങള്‍ മാത്രമാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് എന്ന മട്ടിലാണ് സിദ്ധരാമയ്യ സംസാരിച്ചത്. അത് വിവേകശൂന്യമാണ്. കുടക് ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് നേരെ അതിക്രമം നടത്തുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്ത ടിപ്പു സുല്‍ത്താനെ പിന്തുണച്ചതിനാണ് സിദ്ധരാമയ്യയുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച കുടക് ജില്ലയില്‍ മഴക്കെടുതി ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സിദ്ധരാമയ്യക്ക് നേരെ ആക്രമണമുണ്ടായത്. സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ കുശാല്‍നഗറിലെ ഗുഡ്ഡെഹോസൂരില്‍ വെച്ച് സിദ്ധരാമയ്യ സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും കാറിന് നേരെ മുട്ടയെറിയുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ സിദ്ധരാമയ്യക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പ്രതിഷേധം ശക്തമായത്. സംഭവത്തിനെതിരെ പ്രതിഷേധിച്ച യുവാവിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മഹാത്മാ ഗാന്ധി, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എസ്.ഡി.പി.ഐക്കാരനായ യുവാവ് പ്രതിഷേധിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here