തവണകളായി ട്രാഫിക് പിഴകൾ അടക്കാം; പുതിയ സംവിധാനവുമായി ദുബായ് പൊലീസ്

0
107

ദുബായ് : ഘട്ടം ഘട്ടമായി ട്രാഫിക് പിഴയടയ്ക്കാൻ ദുബായ് പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി. മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെ പലിശയില്ലാതെ പിഴ അടയ്ക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പണം നൽകേണ്ടത്. അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ് തുടങ്ങിയവയുടെ ക്രെഡിറ്റ് കാർഡുകൾ ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്.

ഗഡുക്കളായി അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, സമയം നീട്ടുന്നതിന് അപേക്ഷ നൽകാം. 100 ദിർഹമാണ് ഫീസായി നൽകേണ്ടത്. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്റ് മുടക്കിയാൽ 200 ദിർഹമാണ് അധിക പിഴയായി നൽകേണ്ടത്. ദുബായ് പോലീസിന്‍റെ വെബ്സൈറ്റ് വഴിയാണ് പിഴ അടയ്ക്കേണ്ടത്. അല്ലെങ്കിൽ പോലീസ് ആപ്ലിക്കേഷനും ഉപയോഗിക്കാം. വാഹനത്തിന്‍റെ നമ്പർ, അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പർ, ലൈസൻസ് നമ്പർ എന്നിവ നൽകണം. ഇതിനുശേഷം, ‘ഡയറക്ട് ഡിസ്കൗണ്ട് സർവീസ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും അതിൽ വ്യക്തമായി ഉൾപ്പെടുത്തണം.