ശബരിഗിരി ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും; ജലനിരപ്പ് 45% ഉയർന്നു

0
123

സീതത്തോട്: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും. ജലസംഭരണികളിലെ ജലനിരപ്പ് 45 ശതമാനത്തിലെത്തി. ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കക്കി-ആനത്തോട് ഡാമിൽ 962.92 മീറ്ററും പമ്പയിൽ 969.95 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 69 മില്ലിമീറ്ററും പമ്പയിൽ 46 മില്ലിമീറ്ററും മഴ ലഭിച്ചു. 19.26 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ മൂന്ന് ശതമാനം വേഗത്തിൽ ജലനിരപ്പ് ഉയർന്നു.

കക്കാട്ടാറ്റിലും സായിപ്പിൻകുഴി തോടിലും ഉയർന്ന നിലയിലാണ് നീരൊഴുക്ക് തുടരുന്നത്. ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം തുറന്നുവിടുന്ന വെള്ളം മൂഴിയാർ ഡാമിൽ തടഞ്ഞ് നിർത്തി വൈദ്യുതി ടണലിലൂടെ കടത്തിവിട്ട് കക്കാട് പദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സായിപ്പിൻകുഴി ടാങ്കിൽ നിന്നുള്ള വെള്ളവും മൂഴിയാർ ഡാമിലേക്ക് എത്തുന്നു.

340 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഈ പദ്ധതിയിൽ 1, 2, 3, 5 എന്നീ ജനറേറ്ററുകൾ 55 മെഗാവാട്ടും, 4, 6 എന്നീ ജനറേറ്ററുകൾ 60 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കും. 60 മെഗാവാട്ട് ശേഷിയുള്ള 4–ാം നമ്പർ ജനറേറ്ററും ഏതാനും മാസങ്ങൾക്ക് മുമ്പ് കത്തിനശിച്ചതിനെ തുടർന്ന് അടച്ചുപൂട്ടി. അമിതമായ പ്രകമ്പനം കാരണം ദീർഘകാലമായി അടച്ചുപൂട്ടിയ 60 മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററും പ്രവർത്തിക്കുന്നുണ്ടെങ്കിലും തകരാർ ഇതുവരെ പൂർണ്ണമായും പരിഹരിച്ചിട്ടില്ല.